Uncategorized

മനുഷ്യൻ ജനിക്കുന്ന നേരം

bjb
ഒരു നാട്.
വളരെ പഴയ മനസ്സുകള്‍ താമസിക്കുന്ന ഒരു നാട്.
ഒരു റെയില്‍പാത,ഒരു ഈയെമ്മെസ്സ് സ്മാരക വായനശാല,ഒരു ഭഗവതീ വിലാസം യുപ്പീ സ്കൂള്‍, ഒരു ചായക്കട,
ഒരായിരം ഒറ്റയടിപ്പാതകള്‍, ഒരു ഭ്രാന്തന്‍. ഒരാളോടും ദേഷ്യപ്പെടാത്ത എന്നാല്‍ ഒരാള്‍ക്കും ഇഷ്ട്ടമല്ലാത്ത ഭ്രാന്തന്‍.
അയാളെ ആ നാട്ടില്‍ എവിടെയും കാണാന്‍ പറ്റില്ല, എന്നാല്‍ എവിടെ വെനെമെന്കിലും കാണും.
തീരെ വൃത്തിയില്ലാത്ത വസ്ത്രധാരണം. കണ്ണുകളില്‍ എന്നും ഉറക്കം നിഴലിച്ച് നില്‍ക്കുന്നു,
എന്തിരുന്നാലും അയാളുടെ രാത്രിയിലെ അലറ്ച്ചകള്‍ കേട്ട് ഞെട്ടിയുണരുന്ന കുട്ടികള്‍ പകല്‍ അയാളെ കാണുമ്പോള്‍ ദൂരെ മാറി നില്‍ക്കുമായിരുന്നു.
അയാള്‍ മറ്റു ഭ്രാന്തന്മാരെ പോലെ ആയിരുന്നില്ല. ജനിക്കുമ്പോള്‍ അയാളും ഭ്രാന്തനായിരുന്നില്ല. മകനായിരുന്നു,ഭര്‍ത്താവായിരുന്നു…,
മകളെ ബലാത്സംഗം ചെയ്യുന്ന വരെ അയാള്‍ നല്ലൊരു അച്ച്ചനായിരുന്നു, ഭാര്യയെ തല്ലിക്കൊന്ന നിമിഷം വരെ അയാള്‍ നല്ലൊരു ഭര്‍ത്താവായിരുന്നു. തടവറയില്‍ അയാളൊരു നല്ലൊരു ജയില്പുള്ളിആയിരുന്നു.
തിരിച്ചു വന്നു സ്വന്തം വീട്ടിലെത്തിയപ്പോള്‍ മുതലാണോ അതോ പിറ്റേ ദിവസം നാട്ടുകാര്‍ കല്ലെറിഞ്ഞു കല്ലെറിഞ്ഞു റെയില്‍വേ ട്രാകിലെറിഞ്ഞത് മുതലാണോ അയാള്‍ ഭ്രാന്തനായെന്നു ആര്‍ക്കും അറിയില്ല,
എന്നാല്‍ കുന്നുംപുറത്തെ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ചന്തമ്മന്‍ മേസ്തിരിക്ക് ഒന്നറിയാമായിരുന്നു,….
അയാള്‍ക്ക്‌ മകളെയും ഭാര്യയെയും തന്നെക്കാള്‍ ജീവനായിരുന്നു. അയാള്‍ക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ കഴിയുമായിരുന്നില്ല..ചെയ്തിട്ടില്ല അയാളത് പലരോടും പറഞ്ഞിട്ടുണ്ട്,
കാര്യമുണ്ടായില്ല എന്നുമാത്രമല്ല അവസാനകാലത്ത്‌ ചോരതുപ്പി ചാകുമ്പോള്‍ പച്ചവെള്ളം കൊടുക്കാന്‍ ഒരു പന്നീന്‍റെ മോനും ഇല്ലാരുന്നു.
ചന്തംമന്‍ മേസ്തിരി മരിച്ചപ്പോള്‍ അയാളുടെ കൂടെ ഒരു കഥയും മരിച്ചിരുന്നു, ഒരു ഭ്രാന്തന്‍ ജനിച്ചിരുന്നു.
ഭ്രാന്തന്‍ ആണെങ്കില്‍ എല്ലാമൊരു ചോദ്യത്തില്‍ ഒതുക്കും, ആ ചോദ്യത്തിന് ഉത്തരം കാത്തു നില്‍ക്കാതെ നടന്നകലും, സക്കെവുസിന്‍റെ ചുങ്കപണത്തിലും മഗ്ദലേനയുടെ സുഗന്ധദ്രവ്യങളിലും ഉള്ള
കുറ്റബോധവും,അടക്കിയ വിങ്ങലുകളും. എല്ലാം ആ ചോദ്യത്തില്‍ ഉണ്ടാകും. ഭ്രാന്തന് പിന്നെ ചെയ്യുവാനുള്ള ഒരേ ഒരു ജോലി ഇതാണ്, ആത്മഹത്യ,
ചക്രവാളത്തില്‍ മഞ്ഞയും ചുവപും നിറയുമ്പോള്‍ അയാള്‍ റെയില്‍വേ ട്രാകിനു അരികിലുള്ള വാകമാരത്തിനു ചോട്ടില്‍ ഇരിക്കും,
മനസ്സിനെ റെയില്‍വേ ട്രാക്കില്‍ കിടത്തും, ഇരമ്പിയാര്കുന്ന തീവണ്ടിയെ നോക്കി പുഞ്ചിരിക്കും,
ഓരോ ദിവസവും ഇതേ തീവണ്ടി അയാളുടെ മുന്നില്‍ വച്ച് അതിന്റെ ജീവിതത്തിലുള്ള അതൃപ്തി മുഴുവന്‍ ഉള്ളിലൊതുക്കി പുഴയിലേക്ക്‌ മൂക്കുകുത്തുന്നത് കണ്ട്
അയാള്‍ തിരിച്ചു നടക്കും, നാളെയും വീണ്ടും മരിക്കെണ്ടാതാനെന്ന വിശ്വാസത്തോടെ….

അതെ നാട്.
വളരെ പുതിയ മനസ്സുകള്‍ താമസിക്കുന്ന ഒരു വീട്.
ഒരു  കുടുംബം, ഒരു പെണ്‍കുട്ടി, രണ്ടു മുലകള്‍, ഒരു ഒറ്റയടിപ്പാത, ഒറ്റയ്ക്ക് യാത്ര, ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍, മനസ്സിന് ഒരായിരം വഴികള്‍, ഒരാളെയും വേറുപ്പിക്കാത്ത, എന്നാല്‍ ഒരാള്‍ക്കും വെറുപ്പില്ലാത്ത ഒരു സുന്ദരിക്കുട്ടി.
അവളോട്‌ വീട്ടുകാര്‍ എന്നും എന്തൊക്കെ ചെയ്യരുത് എന്ന് പറയുമായിരുന്നു.

നിന്‍റെ മൃദുസ്വനം കേള്‍ക്കാന്‍നിനച്ചിരിക്കുന്ന വേദനിക്കുന്ന ചെവിയോടു
നീ പറയരുത്.

കുളിരുന്ന മഴകളില്‍ നിന്‍ നെഞ്ചിലെ ചൂട് തേടി അണയുന്ന ചിന്തകളെ
നീ അറിയരുത്
വിളറിയവിളറിയ നാക്കുകള്‍ നിന്നോട് പറയുന്നത് വാക്കുകളെ
നീ കേള്‍ക്കരുത്
കൂരമ്പുകള്‍ എയ്യുന്ന കണ്ണുകള്‍ കോര്‍ക്കുന്ന കനവുകള്‍
നീ കാണരുത്.
നിന്നെ മാത്രം തപസ്സിരിക്കുന്ന മനസ്സുകളെ കനവുകളില്‍ പോലും
നീ ഓര്‍ക്കരുത്.

അവള്‍ അനുസരണശീലം ഉള്ളവള്‍ ആയിരുന്നു……

അതെ നാട്

ഒരാളുമില്ലാത്ത ഒറ്റയടിപ്പാത
ഭ്രാന്തനെ പറ്റി ചന്തമ്മന്‍ മേസ്തിരി പറഞ്ഞ കഥയില്‍ വിശ്വസിച്ചതുകൊണ്ടാകും അവളെന്നും അതെ വഴിയിലൂടെ പോകുന്നത്, വെയിലായിരുന്നു,
മണ്ണ് വിണ്ടുകീരുന്നതും ചുണ്ടു കീരുന്നതും മുഖം പോല്ലുന്നതുമായ വെയിലില്‍ അവള്‍ നടക്കുന്നതിനിടയില്‍ വഴിവക്കിലെ മുളക്കാടിനിടയിലൂടെ പ്രാകൃതനായ ഒരാള്‍ അവള്‍ക്കരികിലേക്ക് ചാടിവീണു,
ആ നിമിഷത്തില്‍ അവളുടെ ലോകം ഇല്ലാതായിരുന്നു.
മരിച്ച ചന്തമ്മന്‍ മേസ്തിരിയെ അവളുടെ മനസ്സ് വീണ്ടും കൊന്നു
ഞരമ്പുകളിലൂടെ ഒരു ശൈത്യകാലം പാഞ്ഞുപോയി..
വര്‍ണ്ണങ്ങള്‍ നഷ്ട്ടപ്പെട്ട ചിത്രശലഭം, ഒറ്റ ചിറകറ്റുപോയ ഒരു കനിയാംപാറ്റ, ശബ്ദം നഷ്ട്ടപ്പെട്ട കരിവണ്ട്, കൊക്ക് മുറിഞ്ഞുപോയ പക്ഷി, ഇതൊക്കെ അയാളുടെ കാലില്പെട്ടു ചതഞ്ഞരയുന്നു… ഇനി അവളും…
മിടിപ്പുകള്‍ നഷ്ട്ടപ്പെട്ട ഹൃദയം വ്യര്‍ഥസ്വപ്നങ്ങളുടെ ചുഴിയിലായിരുന്നു…

ഇടതു കൈ ഉയര്‍ത്തി തന്റെ അടുക്കലേക്ക് നടന്നു വരുന്ന ഭ്രാന്തനെ  കണ്ട് പെണ്‍കുട്ടി അന്ധാളിച് നില്‍ക്കവേ അയാള്‍ അവളുടെ അടുത്തെത്തിയിരുന്നു, അവര്‍ക്കിടയില്‍ ഹൃദയമിടിപ്പുകള്‍ തിമിര്‍ത്ത്‌ പെയ്യുന്നുണ്ടായിരുന്നു…

” കുടിവെള്ളമുണ്ടോ കയ്യില്‍?” അയാളുടെ ശബ്ദം ദയനീയമായിരുന്നു….
നിലച്ചുപോയ ശ്വാസം തിരികെയെടുത്തു നിറകണ്ണുകളോടെ അവള്‍ വെള്ളം അയാള്‍ക്ക്‌ നേരെ നീട്ടി….

വെള്ളം കുടിച് ദയനീയത മാറി കുടിലത കണ്ണുകളില്‍ നിറഞ്ഞപ്പോള്‍ അവള്‍ടെ വീണ്ടും ഉള്ളു കാളി..
” ചോറ്റുപാത്രം…..” അയാളുടെ കനുകളില്‍ കനലും ശബ്ദത്തില്‍ ക്രൂരതയും നിറഞ്ഞിരുന്നു…
ഓടി രക്ഷപ്പെടന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവള്‍ അയാളുടെ ആകര്‍ഷണ വലയത്തില്‍ തന്നെയായിരുന്നു.
ചോറ്റുപാത്രം തുറന്നപ്പോള്‍ അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടയിരുന്നോ?
അയാള്‍ ഇടതു കൈ കൊണ്ട് ചോറ് ഉണ്ണുന്നത് കണ്ട് അവള്‍ അയാളുടെ വിശപ്പിന്റെ ആഴം അളന്നിരുന്നു..
“പൊയ്ക്കോ…..പോകാന്‍” ഭ്രാന്തന്‍ ആക്രോശിച്ചു….
അവള്‍ ഒരു വാക്കും മിണ്ടാതെ അവിട നിന്നു..
“പോകാനല്ലേ പറഞ്ഞത്…”
അവള്‍ പുറം തിരിഞ്ഞു നടന്നു..
കണ്ണുകള്‍ ചോറ്റുപാത്രത്തിലെക്ക്..
വയര് നിറയുന്നത് വരെ അയാള്‍ക് ചോറ്റുപാത്രമായിരുന്നു ലോകം..
പെട്ടന്നായിരുന്നു ഒരാള്‍ അടുത്തുണ്ടെന്ന് അയാള്‍ അറിഞ്ഞത്…
അതവളായിരുന്നു.
” ഈ വയറിനു ഇത്രേം ചോറ് മതിയോ?”
അയാള്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല, ചോറ്റു പാത്രം അവള്‍ക്കു കൊടുക്കുമ്പോള്‍ അയാളില്‍ നിന്നു ഒരു അത്മാരകമായ മുറിവേറ്റ ഒരു മൃഗം പുറത്തുചാടി,
അത് അവര്‍ക്കിടയില്‍ പൊരി വെയിലത്ത് നിലത്തുവീണ് പിടഞ്ഞു മരിച്ചു…..
ഭ്രാന്തന്‍ മരിച്ചു, മനുഷ്യന്‍ ജനിച്ചു.

Advertisements
Standard