തോന്നിയത്‌

കുന്തീഭാരം

“So we beat on, boats against the current, borne back ceaselessly into the past.”
[ മേല്‍പ്പറഞ്ഞതുമായി യാതോരുബന്ധവുമില്ലായെന്നു പറയാനാകാത്ത കാര്യങ്ങളാണ് നിങ്ങളെനി വായിക്കാന്‍ പോകുന്നത്, അതിനാല്‍ മേല്പ്പറഞ്ഞത് വെട്ടിക്കളയുക.]
അഞ്ചാം ക്ലാസ്സിലെ മൂത്രോയിക്കാന്‍ വിട്ടതില്‍പിന്നെയുള്ള ആദ്യത്തെ പിരീഡ്, രുക്കുടീച്ചര്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു
“ഡീ..ഈ..ബീ..യൂ..ട്ട്…ഡീബട്ട്”
എല്ലാരും കൂടെ ചൊല്ലി ഡീബട്ട്, പക്ഷെ വിശ്രവസിനു അത് ദഹിച്ചില്ല. അവന്‍ ചോദ്യം ചെയ്തില്ല,
രുക്കുടീച്ചര്‍ വീണ്ടും ചൊല്ലി

“ഡീ..ഈ..ബീ..യൂ..ട്ട്…ഡീബട്ട്”
ഇത്തവണ അവനു സഹിച്ചില്ല, അവന്‍ എണീറ്റ് നിന്ന് ബഹുമാനം കൊടുത്തുകൊണ്ടുതന്നെ ചോദിച്ചു
“ഡെബ്യൂ ന്നല്ലേ പറയാ ടീച്ചറെ ”
രുക്കുടീച്ചര്‍ക്ക് അറിയാം അവന്‍ പറയുന്നത് ശരിയാരിക്കും, അവന്റെച്ചന്‍ കോളേജിലെ ഇംഗ്ലീഷ് മാഷാണ്, ടീച്ചര്‍ അങ്കീകരിചെന്ന മട്ടില്‍ തലയാട്ടാന്‍ തുടങ്ങുന്നതിനു മുന്നേ മൈമൂന പറഞ്ഞു
” എയിത്യ പോലെ ബായിച്ചാ പോരെ?”
ഇനി വരുന്ന നിമിഷമാണ് വിശ്രവസിന്റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ തീരുമാനിച്ചത്. ഒന്നാം ബെഞ്ചില്‍ നിന്നൊരു പെണ്ണ് ശൂന്യതയില്‍ നിന്നെഴുന്നേറ്റ്‌ തന്റെ വാക്കിന് ഒരു കൈ സഹായം തന്നിരിക്കുന്നു.
“ൈഎന് മൈമൂന എല കണ്ടാല്‍ ചപ്പ്ന്നല്ലേ പറയല്”
മൈമൂന തോറ്റു, വിശ്രവസ് ജയിച്ചു, വരലക്ഷ്മിയും ജയിച്ചു. സുഹസ്തന്‍ ജയിച്ചുമില്ല തോറ്റുമില്ല.

മൈമൂനയെ വരലക്ഷ്മിക്ക് ഇഷ്ട്ടമല്ല. വരലക്ഷ്മിയെ മൈമൂനക്കും. വരലക്ഷ്മിക്ക് ഇഷ്ട്ടപെടാതിരിക്കാന്‍ കാരണമുണ്ടായിരുന്നു, മൈമൂന ക്ലാസ്സില്‍ ഫസ്ടാണ്, പക്ഷെ ഇനി അതുണ്ടാവില്ല എന്നും അവള്‍ക്കറിയാം. വിശ്രവസ് അവളെ തോല്‍പ്പിക്കും.
വിശ്രവസിനു മൈമൂനയോടു ദേഷ്യമില്ല. വരലക്ഷ്മിയോടു ഇഷ്ട്ടക്കൂടുതലുണ്ട്, ആപത്തില്‍ സഹായിച്ചവളാണ്.
സുഹസ്ത്തന് ആരോടും ഇഷ്ട്ടമില്ല, ആരോടും ദേഷ്യമില്ല.

ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം, ആര്‍ക്കൊക്കെ ആരോടൊക്കെ ഇഷ്ട്ടമുണ്ട്, ആര്‍ക്കൊക്കെ ആരോടൊക്കെ ഇഷ്ട്ടമില്ലായ്മ്മയുണ്ട് എന്നറിയാന്‍ ഒരു യാത്രവേണം. യാത്ര അവസാനിക്കുന്നത് പഴയ കൂവേരിക്കടവിലാകണം, പഴയ ഗ്രാമം ജനിക്കാന്‍ വിത്തുകള്‍ വേണം, അത്തിമരത്തിന്റെ വിത്ത്‌, ഒയലിച്ചയുടെ വിത്ത്, കൂവേരിക്കടവിന്റെ വിത്ത്, കടവിലെ തോണിക്കാരന്റെ വിത്ത്, മൊട്ടക്കുന്നിന്റെ വിത്ത്, സ്കൂളിന്‍റെ വിത്ത്, എല്ലാത്തിനും പുറമേ നിഷ്കളങ്കതയുടെ വിലപിടിച്ച വിത്ത്‌. വിത്തുകളെ ഓര്‍മയൊഴിച്ചു മുളപ്പിക്കണം, എന്നിട്ട് വാക്കുകള്‍ നല്‍കി വിശ്രവസിന്റെ പേര് വിളിപ്പിക്കണം, വിശ്രവസിന്റെ പേര് വിളിക്കുമ്പോള്‍ മൈമൂനയുടെ പേരും വിളിക്ക്കണം, സുഹസ്തന്‍റെ പേരും അരികിലൂടെ കടന്നുപോകണം ഒരു മന്ദസ്മിതത്തോടെ, പിന്നെ…
ഇടയ്ക്കിടെ പിടച്ചുവേവുന്ന ഒരു വാക്കുണ്ട്. ആഴങ്ങള്‍ വിട്ടുപോവുന്ന മീന്‍വേഷം അഴിച്ചുവയ്ക്കുന്ന നീരുടുപ്പു പോലെ പൊള്ളുന്നത്. ഞെട്ടറ്റുവീഴുന്ന ആകാശം പോലെ ചോര വാര്‍ന്ന്. പഴുത്തടക്കയുടെ മധുരത്തിലും, അത്തിപ്പഴത്തിന്റെ ചവര്‍പ്പിലും, ചിലുമ്പിപ്പുളിയുടെ പുളിയിലും. ഓരോവട്ടവും അതു വരലക്ഷ്മിയുടെ പേരെഴുതരുതേ എന്നു ദുര്‍ബലമായി ഓര്‍ക്കും, ഓരോവട്ടവും അത് വിശ്രവസിനെ തോല്‍പ്പിച്ചുകൊണ്ട് കനത്ത ഭാഷയില്‍ ഉച്ച്ചരിക്കും ” വരലക്ഷ്മി, വരലക്ഷ്മി” എന്ന്.

വരലക്ഷ്മിയോടു എങ്ങിനെ സംസാരിക്കും എന്ന് കരുതിക്കൊണ്ടാണ് വിശ്രവസിന്റെ പിറ്റേ ദിവസം ആരംഭിച്ചത്, ഓരോ വഴി ചിന്തിക്കുമ്പോഴും വിശ്രവസ് കൂടുതല്‍ വിറച്ചു,വിയര്‍ത്തു. ആരംഭിച്ചത് വരലക്ഷ്മിയാണ്.
‘ വിശ്രവസ് ചോറുണ്ടിട്ട് എന്‍റെപ്പരം ബരുവോ”

അമ്മ വിലക്കിയിട്ടുണ്ട്, സ്കൂളില്‍ നല്ല നടപ്പാകണം മാഷംമാര്‍ക്കൊക്കെ അച്ഛനെ അറിയാം. ബെല്ലടിക്കുന്നതിനു മുന്നേ എത്തിയില്ലെങ്കില്‍ മാഷമ്മാരറിയും, അച്ഛനറിയും പിന്നെ ഉസ്കൂളിള്ള, വരലക്ഷ്മിയില്ല. പക്ഷെ ചിന്തിച്ചതായിരുന്നില്ല വിശ്രവസ് പറഞ്ഞത്.

” ങ്ങോട്ടാ “
“കുമാരേട്ടന്‍ അടക്കപറിക്കുന്നത് കണ്ടിട്ടിണ്ടാ?’

വിശ്രവസ് തോള് ഒന്നുയര്‍ത്തി താഴ്ത്തി.
” കുമാരേട്ടനും കൊരങ്ങനും ഒരുപോലെയാണ്, പച്ചെ കുമാരേട്ടന്‍ പൌത്തടക്ക തരും, നീ തിന്നിട്ടിണ്ടാ?”
തോളുകള്‍ വീണ്ടും സംസാരിച്ചു.
” നല്ല മധിരാന്ന്‍. പോബാം.”
അമ്മയുടെ താക്കീതിനേക്കാള്‍ ശക്തമായിരുന്നു വരലക്ഷ്മിയുടെ മധുരമുള്ള വിളിക്ക്, കുമാരേട്ടന്‍ ഒരു അതിശയം തന്നെയായിരുന്നു. വല്യ പറമ്പിന്റെ ഒരറ്റത്തെ കവുങ്ങില്‍ കുമാരേട്ടന്‍ അണ്ണാന്‍ കേറും പോലെ കേറും. പിന്നെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ചാന്ജാട്ടമാണ് അങ്ങിനെ അങ്ങേ അറ്റത്ത് കുമാരേട്ടന്‍ ഇറങ്ങുന്നത് വരെ നോക്കി നിന്നു രണ്ടുപേരും, കൂട്ടത്തില്‍ പഴുത്തടക്ക ഈമ്പിക്കുടിച്ചു,
” പൊയ കാണാന്‍ പോയിറ്റിണ്ടാ?”
തോളുകള്‍ പിന്നെയും.
” അത്തിപ്പയം തിന്നിട്ടിണ്ടാ?”
” ച്ചും”
” ഒയിലിച്ച തിന്നിനാ?”
”ല്ല”

“ഉജാല ബണ്ടി ഓടിചിനാ”

വിശ്രവസ്സിനു സഹികെട്ടു, ടാന്ഗ്രാം അറിയുമോ? നിനക്ക് ഇംഗ്ലീഷ് കൂട്ടക്ഷരം എഴുതാനറിയുമോ? സുഡോകു കളിക്കാനറിയുമോ? ഈ ചോദ്യങ്ങളൊക്കെ പൊങ്ങി വന്നെങ്ങിലും വീണ്ടും തോളുകള്‍ അനക്കി അടുത്ത ചോദ്യം കാത്തു നിന്നു അവന്‍

“അയ്യേ…പിന്നെന്നാ നീ ചെയ്തിനി? മൂത്രപ്പുളി തിന്നലാരിക്കും അല്ലെ? ” അവള്‍ പൊട്ടിചിരിച്ചപ്പോള്‍ നട്ടുച്ചയ്ക്ക് ആയിരം നക്ഷത്രങ്ങള്‍ ഉദിച്ചപോലെ തോന്നി വിശ്രവസിനു, പല്ലുകളില്‍ പാലപ്പൂവ് കണ്ടു അവന്‍.
” എനക്ക് മൂത്രപ്പുളീം അറീല”
” രണ്ടാം പിരീഡ് കൈഞ്ഞ നിങ്ങ ആങ്കുട്ട്യോള്‍ ഏടിയ മൂത്രോയിക്കാന്‍ പോല്?”
“അത് ഇലുമ്പി പുളീന്റേ ചോട്ടില്”
” ആ അതന്നെ, നിങ്ങളെല്ലാം ഒയിച്ച് ഒയിച്ച് ആ പുളിക്കിപ്പോ മൂത്രത്തിന്റെ ചൊയയല്ലേ”
” ഞാനത് തിന്നലില്ല, ഞീ ക്ലാസ്സില്‍ വരുന്നുണ്ടാ.”
ക്ലാസ്സിലെത്താന്‍ വൈകി, വിഷമഭിന്നത്തിന്റെ വിഷമസന്ധിയില്‍ ഞെരിപിരികൊള്ളുകയായിരുന്നു ക്ലാസ്. ഉമ്മര്‍മാഷെ തല്ല് ഉറപ്പാണ്.
വരലക്ഷ്മി വിശ്രവസിന്റെ ചെവിയില്‍ ഉരിയാടി
” തല്ലുംബം കൈമ്മില് ദേശം തുപ്പലിട്ടാ മതി എന്നിറ്റ് കണ്ണും ചിമ്മിക്കോ വേന കൊറയും”
മൈമൂനയുടെ മനസ്സ് അപ്പര്‍ത്തെ പേര മരത്തിന്റെ കൊമ്പത്തെ കമ്പുകളില്‍ സംശയത്തിന്‍റെ ചാഞ്ചാട്ടം നടത്തിതുടങ്ങിയിരുന്നു.
പക്ഷെ പേരകമ്പ് വേണ്ടി വന്നില്ല. കൈയ്യില്‍ തുപ്പെണ്ടി വന്നില്ല. കണ്ണും ചിമ്മീല. ഉമ്മര്‍മാഷ്‌ പറഞ്ഞു
“ങ്ങും, കേറിരി, ഇനി ബൈതാല്‍ അച്ഛനോട് പറയും ഞാന്‍.”
വരലക്ഷ്മി ജയിച്ചു, അല്ല വിശ്രവസ് ജയിപ്പിച്ചു.

പിറ്റേന്ന് വിശ്രവസ് വരലക്ഷ്മിയോടു മിണ്ടിയില്ല, ഒരു തരം പേടിയായിരുന്നു. അച്ഛനറിഞ്ഞാല്‍ ഉസ്കൂളില്ല, വരലക്ഷ്മിയല്ല ഉസ്കൂളാണ് വല്യത്.
മരീചികയെ കുറിച്ചാണ് അന്നു പഠിപ്പിച്ചത്. ഇല്ലാത്ത വെള്ളത്തെ കാണുന്ന പ്രതിഭാസം കണ്ടവര്‍ ക്ലാസില്‍ മൈമൂനയും വരലക്ഷ്മീം ആരുന്നു.
മൈമൂന പറഞ്ഞു “ഗള്‍ഫില് കണ്ടിനി”
“ആര്”
“ന്റുപ്പാ”
അതു പുളുവാണെന്ന്‍ എല്ലാര്‍ക്കുമറിയാം, മൈമൂനെന്റെ ഉപ്പ കൊയിക്കൊടാണ്.
വരലക്ഷ്മി പറഞ്ഞു ” ഉച്ചക്ക് കൂവേരിക്കടവിലെ പൂയീല് കണ്ടിനി ബെള്ളം “
മൈമൂന : “പൊയെലെ ബെള്ളാരിക്കും”
“ഭാഗോതിയാണേ സത്തിയം”
വിശ്രവസിനും കാണണം. ചോദിച്ചില്ല.
ഉച്ചയ്ക്ക് കടവിലേക്ക് വരലക്ഷ്മി വിളിച്ചു. വിശ്രവസ് വരലക്ഷ്മിയുടെ നിഴലു പിന്തുടര്‍ന്നു.
കൂവേരിപ്പുഴ കണ്ടു. ചാഞ്ഞു നിക്കുന്ന തെങ്ങുകണ്ടു. തടയണ കണ്ടു. കൂരമീനെ കണ്ടു. അത്തിമരം കണ്ടു. ദൂരെയൊരു തോണി കണ്ടു.
തോണി ചൂണ്ടിക്കാണിച്ചുകൊണ്ട് വരലക്ഷ്മി പറഞ്ഞു ” ഞീ തോണീപ്പോയിനാ?”
തോളുകള്‍ സംസാരിച്ചു.
” തോണീലോരാളെ കണ്ടാ? ന്‍റെ അച്ഛനാ…”
” നിന്‍റെച്ചന്‍ കല്ലുകൊത്തുകാരനല്ലേ?
” ല്ല, അതമ്മേന്‍റെ കെട്ട്യോനാ‍”
വിശ്രവസിനു മനസ്സിലായില്ല, വിശ്രവസ്സു ഒന്നും ചോദിച്ചില്ല.
വരലക്ഷ്മിയുടെ കണ്ണുനിറഞ്ഞു. വിശ്രവസ് കണ്ണുകണ്ടു, കണ്ണില്‍ വെള്ളം കണ്ടു. മറ്റാരും കാണാത്ത വെള്ളം…. വിശ്രവസ് മരീചിക കണ്ടു.

വിശ്രവസ് അന്നു വീട്ടില്‍ചെന്ന്‍ അമ്മയോട് അച്ഛനെപറ്റി ചോദിച്ചു, അമ്മയുടെ പുരുവനെ പറ്റി ചോദിച്ചു. അമ്മ തല്ലി. പൊതിരെതല്ലി
വിശ്രവസ് അമ്മാമയുടെ അടുത്തു ചെന്നു..
” ഉണ്ണീനെ അമ്മ തച്ചിനാ? ഞ്ഞി കാളണ്ട, ബൈരം ബെക്കാണ്ട് നിന്നാ ഒരു കഥ പറഞ്ഞു തരാ…ഭീമന്‍റെ കഥ… അമ്മ കുന്തി. അച്ഛന്‍ കാറ്റിന്‍റെ ദൈവം. ഭീമന്‍റെ അമ്മയുടെ കെട്ട്യോനെ അറിയോ? ഹസ്തിനപുരി രാജാവ് പാണ്ധു. കുന്തിക്ക് ഒരുപാട് പരിച്ചയക്കാരുണ്ടായിരുന്നു… ” വിശ്രവസ് കഥകേള്‍ക്കാന്‍ കാത്തിരിക്കാതെ ഉറങ്ങിയിരുന്നു.

ഇങ്ങ്, ഒരുപാടു വര്‍ഷങ്ങള്‍ക്കിപ്പുറം. കൂവേരിക്കടവ് കടന്നപ്പോള്‍ സുഹസ്തനു തോണിക്കാരന്റെ അതേ മുഖമായിരുന്നു. വരലക്ഷ്മിക്ക് അവളുടെ അമ്മയുടെ മുഖവും മൂച്ചും സ്വഭാവവും. അവര്‍ക്കൊരു കൊച്ചു വരലക്ഷ്മിയും. വിശ്രവസ് എത്ര തവണ കൂവേരിപ്പുഴയില്‍ നോക്കിയിട്ടും മുഖം കഴുകി കഴുകി നോക്കിയിട്ടും കല്ലുകൊത്തുകാരന്‍ മുഖത്തുനിന്നും മായുന്നില്ല. ഇനിയും കുന്തിമാര്‍ ഭാരം പേറരുത്. വിശ്രവസ് കഥമെനയാന്‍ കാത്തിരിക്കാതെ പുഴയാഴങ്ങളില്‍ കല്ലുകൊത്തുകാരനെ അഴിച്ചുവച്ച് ഉറങ്ങാന്‍ കിടന്നു.

 

 

 

 

 

 

 

Advertisements
Standard