തോന്നിയത്‌

വെളുക്കാന്‍ തേച്ചത്

മണല്ത്തരികളെ വെള്ളത്തുള്ളികള്‍ മുക്കിക്കൊല്ലുന്ന കാലത്ത്‌…..
നാട്ടില്നിന്ന്‍ മറ്റിടങ്ങളിലേക്ക് ചേക്കേറി നോസ്ടാല്ജിയ തിന്നു ജീവിക്കുന്ന കുറച്ച് അഭിനവ എന്‍ജിനീയര്‍മാര്‍
സപ്പ്ളി ഭാരം വെള്ളത്തില്‍ചാടി തിമിര്‍ക്കുന്ന കാലം,
മമ്മൂഞ്ഞിക്കായുടെ പറമ്പിലെ കൊക്കൊകായളകും,പങ്കന്റെ മാതുലന്റെ വളപ്പിലെ കൈതച്ചക്കകളും,
അണക്കെട്ടിന്‍റെ സൈഡിലെ കരിക്കും ഇളനീരും ഞങ്ങളുടെ സൌദൃടത്തിന്റെ ഓര്‍മ്മകള്‍ക്ക് വേണ്ടി ഓര്‍മ്മകളാകുന്ന നാളുകള്‍,
വളക്കൈത്തോട്ടിലെ കൊടും വളവിലെ പാറയില്‍ ആദ്യം തൊടാനുള്ള മത്സരത്തില്‍ ആദ്യമെത്തുമ്പോ
അരയിലെ തോര്‍ത്ത്‌ മറ്റൊരുത്തന്റെ കൈപ്പിടിയില്‍ ആയെന്നു അറിഞ്ഞ്
തിരിച്ച് പിന്നേം വെള്ളത്തില്‍ ചാടി അവന്റെ നെഞ്ഞത്ത് പൊങ്കാല ഇട്ട നാളുകള്‍……

….അല്ലാ ഞാനിത് എങ്ങോട്ടാ പറഞ്ഞോണ്ട് പോണേ??

കാര്യത്തിലേക്ക് വരാം

പ്രേമം മൊട്ടിട്ട് കായ്ച്ച് മൂത്ത് പഴുത്ത്‌ പൂത്ത് നിക്കുന്ന നായകന്‍ തോട്ടില്‍ തുള്ളാന്‍ പോവുമ്പോ
കാതങ്ങള്‍ക്കപ്പുറം കാത്തു കിടക്കുന്ന കാതലിയുടെ കാതുകളില്‍ കണ്ണേ കരളേ കുളിച്ചിട്ടു കാണാം എന്ന് പറഞ്ഞപ്പോ
ഇതുവരെ കേള്‍ക്കാത്ത ഒരു വാര്‍ത്ത കേട്ട പോലെ നായിക പതിവുപോലെ എല്ലാം ഒരു മൂളലില്‍ ഒതുക്കി.
സ്വതവേ കുളി അലെര്‍ജി ആയ,
കുളിക്കാന്‍ തോട്ടില്‍ തുള്ളിയവരുടെ മോവീല്‍ സൂക്ഷിക്കാന് (മറ്റുള്ളവരുടെ sms inbox ഇല്‍ സ്വര്‍ഗം കണ്ടെത്താന്‍)
വേണ്ടി കരയില്‍ ഇരിക്കുന്ന ആത്മസുഹൃത്ത് എന്‍റെ ((ആക്ച്വലി ഞാനല്ല നായകന്‍, എഴുതാന്‍ എളുപ്പത്തിനു ഇത് ഞാന്‍ ആയേക്കാം))
sms വായിച്ച് ആനന്ദത്തില്‍ ആറാടി പിന്നെ എഴാടി അങ്ങനെ ആടി ആടി നിക്കുമ്പോ ആണ് ഫോണില്‍

“aami calling”

തേനും പാലും ഒലിക്കുന്ന smsനെ വിട്ടു പോകാന്‍ തോന്നാത്തതിനാല്‍
ആ പണ്ടാരക്കാലന്‍ അത് കട്ട് ചെയ്ത് പിന്നേം വായിക്കാന്‍ തൊടങ്ങി.
അന്ന് അവന്‍ ആദ്യമായി
” :-* ”
ബീഡി വലിക്കുമ്പോ ഇടുന്ന സ്മൈലി അല്ല അതാണ്‌ ഉമ്മ എന്ന് മനസ്സിലാക്കി,
പിന്നേം പിന്നേം കോള് വന്നപ്പോ പെടുക്കാന്‍ നിക്കുന്ന പട്ടിക്ക് കല്ലേറ് കൊണ്ട മുഖഭാവം അടക്കി നിര്‍ത്തികൊണ്ട്
സെക്കന്‍റ് പേപ്പറില്ലാതെ തോട്ടില്‍ തിമിര്‍ക്കുന്ന എന്നെ വിളിച്ചു…..
“ഡാ, നിന്‍റെ മറ്റോള് വിളിക്കുന്നു”
തിരിച്ച് വിളിക്കാന്‍ ഒന്നും സമയം കിട്ടീല അതിനു മുന്നേ മോവീല് വീണ്ടും കെടന്ന് തരിച്ചു

“എന്താടാ?? ഇപ്പ എന്താ പറ്റ്യേ?”

“……”

“പറയുന്നുണ്ടെല്‍ പറ,….. is there anythin wronge?”

അപ്പുറത്ത്‌ പുരുഷസ്വരം

“ഒന്ന് വീടുവരെ വരണം, കൊറച്ച് കാര്യം പറയാനുണ്ട്”

അള്ളോ ഇതോള്‍ടെ അച്ചന്‍ തന്നെ,
പച്ചവെള്ളത്തില്‍ കെടന്ന് നെറുകന്തല മൊതല്‍ കാലിന്റെ പെരുവിരല് വരെ വിയര്‍ത്തു കുളിച്ചു…(മൂത്രമോഴിച്ചോ എന്നാരും ചോദിക്കേണ്ട)

“ഹലോ”

“അ..ആ…എ എന്തിനാ?”

“പെട്ടന്ന് വേണ്ട, വീട്ടിന്നു ഇറങ്ങുമ്പോ ലാന്‍റ് ഫോണിലേക്ക് വിളിക്കണം, റൂട്ട് പറഞ്ഞു തരാം.” (end of call)

ആ ഒരു നിമിഷം മനസ്സിലൂടെ ഒരുപാട് കാര്യങ്ങള്‍ പാഞ്ഞു പോയി,

ക്വൊറി മുതാളിമാര്‍ക്കൊക്കെ സ്വന്തായിട്ട് ഗുണ്ടകളുണ്ടാവോ?
വീട്ടില്‍ തോക്ക് ഉണ്ടാകുമോ??
ഈ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച്ചില്ലാരുന്നെങ്ങില്‍?
നീന്തല്‍ അറിയുന്ന ആള്‍ക്ക് വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ പറ്റുമോ??
പോകണോ?
അങ്ങോട്ട്‌ പോകുമ്പോ ഭക്ഷണം കഴിച്ചിട്ട് പോകണോ?
ഇന്നെന്താ കണ്ണൂര് ഹര്‍ത്താലില്ലാത്തെ?

എല്ലാ ചോദ്യത്തിനും ഉത്തരം ഒന്നുതന്നെയാരുന്നു, ഓള് എല്ലാം ഓക്കടെ വീട്ടില്‍ പറഞ്ഞു,
എന്നെ കൊല്ലാന്‍ വിളിക്കുകയാണ്, പോയാല്‍ കൊല്ലും പോയില്ലേല്‍ ഇങ്ങോട്ട് വന്നു എന്‍റെ വീട്ടില്‍ പറയും.
വീട്ടില്‍ പറഞ്ഞാല്‍ ആകെ പ്രശ്നാകും, പിന്നെ എന്നെയാരു കൊല്ലും എന്നകാര്യത്തിലാരികും തര്‍ക്കം.

കുളിചോണ്ടിരിക്കുന്ന എല്ലാരേം വിളിച്ച് കരയില്‍ കേറ്റി ചര്‍ച്ചയാരംഭിച്ചു,
അവസാനം പോവാന്‍ തീരുമാനിച്ചു, ഹോസ്റ്റലില്‍ പോയി ബുക്ക്‌ എടുക്കണം എന്ന് പറഞ്ഞു വീട്ടിന്നു ഇറങ്ങാമെന്നു തീരുമാനിച്ചു,
എല്ലാരുടേം നോട്ടത്തില്‍ ഒരു ലോഡ്‌ സഹതാപം വാരിവിതരിയിട്ടുണ്ട്,
അതിന്റെ ഇടയ്ക്കു ഒരുത്തന്‍ ശവത്തില്‍ കുത്താനായിട്ട് എന്‍റെ ഒരു ഫോട്ടോ എടുത്തു
“എന്താടാ ഇത്?”
“അല്ല…. ഇനി ഇങ്ങനെ എടുക്കാന്‍ പറ്റീലേലോ.”
അവന്റെ ആ സ്നേഹത്തിന് മുന്നില്‍ ഞാന്‍ അവന്റെ മുതുമുതച്ച്ചമ്മാരെ വരെ വിളിച്ചുപോയി.

*…………*

വീട്ടിലെത്തി, കാര്യം ബോധിപ്പിച്ചു, ബുക്ക്‌ എടുക്കാനാ പോക്ക് എന്നുകെട്ടതുകൊണ്ടാവം അമ്മ ഒരു വിശ്വാസവും വരാതെ ഒന്നിരുത്തി മൂളി,
“പൊയ്ക്കോ, ഇനിയെന്നാ വരാ?”
അതൊരുമാതിരി ഉത്തരം പറയാന്‍പറ്റാത്ത ചോദ്യായിപ്പോയി.

മുടിചീകാന്‍ കണ്ണാടി നോക്കിയപ്പ്ഴും അതെ ഡയലോഗാ ഓര്‍മ്മ വരുന്നേ “ഇനി ഇങ്ങനെ പറ്റില്ലാലോ..”

ഞാന്‍ കണ്ണാടിയിലെ എന്നോട് ഷേവ്‌ ചെയ്യണോ എന്ന് ചോദിച്ചപ്പോ, പ്രതിബിംബം
“നേര്ച്ച്ചക്കൊഴി ഗിരിരാജന്‍ ആയാലെന്താ നാടന്‍ ആയാലെന്താ” എന്ന് പറഞ്ഞോ??
അതോ എനിക്ക് തോന്നിയതാണോ?? എന്തായാലും ഇനി അടുത്ത ആഴ്ച്ച്ചവരുന്ന യൂനിവേര്‍സിറ്റി രിസല്ട്ടിനെ പേടിക്കേണ്ടല്ലോ എന്ന ആശ്വാസത്തോടെ, ജീവിതം മടുത്ത ഞാന്‍ ഇറങ്ങിത്തിരിച്ചു.

പിന്നെയങ്ങോട്ട് അയക്കുന്ന smsനു ഒന്നും reply ഇല്ല. ഇല്ലാത്ത ദൈര്യം ഒക്കെയുണ്ടാക്കിയെടുത്ത് ബസ്സില്‍ കേറി, കോള്‍ വന്നു

“വരുന്നില്ലേ?”
“…..”
“വഴിയറിയോ?”
“അ..അ..അറിയാം, ഇല്ല അറിയില്ല. ചെറുതായിട്ട് അറിയാം.”
“ബസ്റൊപ്പ്‌ വരെ അറിയാലോ, എന്നിട്ട് വിളിക്ക്, ഞാന്‍ വരാം.” (end of call)

സമയം ഏഴുമണിയാകാറായി, ഈ സമയത്ത്‌ ട്രെയിന്‍ ഒന്നുല്ലാന്നു അറിയാവുന്ന എന്നെ എന്തിനു വീട്ടുകാര് പോകാന്‍ സമ്മതിച്ചു?
ഇങ്ങനെ ഓരോന്ന് ആലോചിച്ച്
മൊബൈലിന്റെ സ്ക്രീനില്‍ മഴകാത്തു കിടക്കുന്ന വേഴാമ്പലിനെ പോലെ ഒരു smsനു കാത്തു ഞാന്‍ ഇരുന്നു.
സ്റൊപ്പെത്തി. നാളെത്തെ പുലരി ഞാന്‍ കണ്ടാല്‍ ഒരാവസ്യും ഇല്ലാതെ
ഇതിപ്പോ പോയി പറഞ്ഞ ഓളെ ഞാന്‍ കൊല്ലുമെന്നും വിചാരിച്ച് ബസ്സില്‍നിന്നിറങ്ങി.

വഴി അറിയുമോ എന്ന് ചോദിച്ച് വിളി വന്നു.
ഓളെകൂടെ പലപ്രാവശ്യം പോയിട്ടുണ്ടെലും വഴി അറിയും എന്ന് പറഞ്ഞാല്‍ അതിനു വേറെ ശിക്ഷയുണ്ടായാലോ? അതുകൊണ്ട് അറിയില്ലാന്ന് പറഞ്ഞു. അങ്ങേരു ബാസ്സ്റൊപ്പിലെക്ക് വന്നു.
ആദ്യം തന്നെ ചോദിച്ചത്,
നീ ഇതിനു മുന്‍പ്‌ വന്നിട്ടുണ്ടെന്നാണല്ലോ അനശ്വര പറഞ്ഞാത് എന്നാരുന്നു.
പെട്ടു മോനെ, ഇവളെന്നെ കൊല്ലാന്‍ വിളിച്ചത് തന്നെയാ അപ്പൊ!
“ആ..അത്, വന്നിരുന്നു, പക്ഷെ വഴി ശരിക്ക് ഓര്‍മ്മയില്ല.”

“ചെറിയ പ്രായത്തില്‍ മറവി അത്ര നല്ലതല്ല……അതും മനപ്പൂര്‍വ്വം മറക്കുന്ന കാര്യങ്ങള്‍.”

എന്‍റെ തല കുത്തോട്ട് തന്നെയാരുന്നു, ഒന്ന് തലയുയര്‍ത്തി മുഖത്തേക്ക്‌ നോക്കണം എന്നുണ്ടാരുന്നു. പറ്റുന്നില്ല.
ഉസ്കൂളില്‍ പഠിക്കുമ്പോ നിര്‍ത്താതെ പോകുന്ന ബസ്സിനു നേരെ പിള്ളേരുടെ കൂടെ കല്ലെറിയുന്നത് പോലെയും.
ആരാന്‍റെ പറമ്പിലെ ഇളനീര് കക്കുന്നതും പോലെ അത്ര എളുപ്പമാരുന്നില്ല ഒന്ന് മുഖമുയര്‍ത്താന്‍.
എന്തെന്നറിയാത്ത ഒരു അവസ്ഥയായിരുന്നു പിന്നെ.

കുറച്ചധികം നടക്കാനുണ്ടാരുന്നു. തൃസന്ധ്യ നേരത്ത്‌ വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍
അരികിലുള്ള നെല്ക്കതിരുകളിലെ ചെറിയ വെള്ളത്തുള്ളികളില്‍ തട്ടിത്തെരിക്കുന്ന
കുങ്കുമനിറമുള്ള സൂര്യകിരണങ്ങളില്‍ തെല്ലുപോലും സൌന്ദര്യം
കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അവയോരോന്നും
എന്നെ നോക്കി പല്ലിളിക്കുന്നപോലെയും തോന്നി.
അദ്ദേഹം എന്തോക്കയോ ചോദിക്കുന്നുണ്ടായിരുന്നു,
ഞാനെന്താ പറയുന്നത് എന്ന് എനിക്കുതന്നെ ഒരു നിശ്ചയമില്ലാരുന്നു
ഓടി രക്ഷപ്പെടാന്‍ ആഗ്രഹമുണ്ടാരുന്നു, പക്ഷെ ഒരു കല്ലില്‍ കെട്ടിയ തുമ്പിയെപ്പോലെ ഞാനിങ്ങനെ അദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്ന്
ചെറിയൊരു കപ്പാലവും ഒരിടവഴിയും പിന്നിട്ട് വീട്ടിലെത്താരായി.
എവിടുന്നോ പെട്ടന്ന് ഒരു ഊര്‍ജ്ജം കിട്ടിയപോലെ പറഞ്ഞു
“എനിക്ക് പെട്ടന്ന് പോകണം….”
“മ്മം??….”
ആ ആറടി ശരീരത്തില്‍ നിന്ന് ഉയര്‍ന്ന ആ മൂളല്‍ മാത്രം മതിയാരുന്നു, എനെര്‍ജ്ജി മൊത്തം കാറ്റൂരി വിട്ട ബലൂണ്‍ പോലെ പോയി,
ഒന്നൂടെ മൂളിയിരുന്നെങ്ങില്‍ ആ കാറ്റിന്‍റെ കൂടെ എന്‍റെ ജീവനും കൂടെ പോയേനെ.

അല്ലേലും വിചാരിക്കാതെയാണ് എല്ലാം സംഭവിക്കുക. കട്ട സീരിസായി നിക്കുമ്പോഴാ ഫോണ്‍ ചിലച്ച്ചത്, ഒരു തമാശയ്ക്ക് വേണ്ടി വച്ച റിംഗ്ടോണാരുന്നു.

*ജീനാ യഹാ… മര്‍ന്നാ യഹാ….*
ചിരിക്കണോ കരയണോ എന്നുഒന്നും മനസ്സിലായില്ല. അങ്ങേരു ഒരു നോട്ടം!! ഞാന്‍ നിന്ന നില്‍പ്പില്‍ ഉരുകിപ്പോയി
ഓളാരുന്നു ഫോണില്‍. തന്തക്ക് വിളിക്കണം എന്നുണ്ടാരുന്നു… വിളിക്കാമ്പറ്റോ!! മിണ്ടാണ്ട് പറയുന്നത് കേള്‍ക്കാം
“എത്താറായോ? പേടിക്കെണ്ടാട്ടോ…. കൈഞ്ഞ കൊറച്ച് ദൂസ്സായിട്ട് ഞാനും ഇങ്ങനെ ആരുന്നു…”
എങ്ങനെ ആരുന്നു?? എന്‍റെ അവസ്ഥ എനികല്ലേ അറിയൂ…ഫോണ്‍ വച്ച്.
“ആരാരുന്നു ഫോണില്‍?”
“അത്.. അതെന്‍റെ ഒരു ഫ്രെണ്ടാ….”
“നുണ പറഞ്ഞ് അത്ര ശീലം ഇല്ല അല്ലെ??”
ഹമ്മേ!! ഇങ്ങേരു അടിക്കുന്നത് എല്ലാം ഗോളാനല്ലോ….ഇതിനേക്കാള്‍ ഭേദം അങ്ങ് കൊല്ലുന്നതാകും!

അങ്ങനെ ഒരു 8മണിയായപ്പോ വീട്ടിലെത്തി….
ഉമ്മറത്ത് ഇരിക്കുന്നുണ്ടാരുന്ന അവള് ഞങ്ങളെ കണ്ടപ്പോ അകത്ത്കേറിപോയി.
എന്നെ ടീവിയുടെ മുന്നില്‍ റിമോട്ടും തന്നിട്ട് ഇപ്പൊ വരാമെന്നു പറഞ്ഞിട്ട് പോയി, ഏതോ തമിഴ്പാട്ട് ആരുന്നു,
നമ്മള് വിട്വോ, ഒരു ഇമ്പ്രേഷനുണ്ടാക്കാന്‍ പറ്റുന്ന അവസരല്ലേ, ഇതുവരെ കാണാത്ത BBC ഒക്കെ കാണാന്‍ തുടങ്ങി, മുഖത്താണേല്‍, ഈ അമേരിക്കയുടെ ഒരു കാര്യേ! എന്നൊരു ഭാവവും
കിട്ടിയ അവസരത്തില്‍ ഫോണ്‍ എടുത്തു അവളെ ഫോണും ചെയ്തു..
ഇടിവെട്ടിയവന്റെ കാലില്‍ പാമ്പുകടിച്ചിട്ടു ആശുപത്രീല്‍ പോയപ്പോ ഡോക്റ്റര്‍മാരുടെ പണിമുടക്ക് എന്ന് പറഞ്ഞപോലായി….
ഫോണ്‍ എടുത്തത് അങ്ങേരു.
“മ്മ്?? എന്തെ?”
“ഒന്നുല്ല, അനശ്വര,”
“അവള്‍ അടുക്കളേല് ആണ്. ഫോണ്‍ വെക്ക്.”
5മിനിട്ട് കഴിഞ്ഞ് കയ്യില്‍ ഒരു മുണ്ടും തോര്‍ത്തും എടുത്ത്‌ ആള് പിന്നേം വന്നു, കുളിക്കണോ? എന്ന് ചോദിച്ചു,
നേരം വെളുപ്പിക്കേണ്ടത് എന്റെ ആവശ്യമായതിനാല്‍ കുളിക്കാന്‍ പോയി…
വെറും ഒരു മിനിട്ടുകൊണ്ട് കുളിക്കാറൊക്കെയുള്ള ഞാന്‍ അന്ന്
ഷവര്‍ന്‍റെ ചോട്ടില്‍ നിന്ന് മുകളിലേക്ക്നോക്കി മുഖത്തേക്ക് പതിക്കുന്ന ഓരോ വെള്ളത്തുളികളെയും നോക്കി വീണ്ടും ഓരോന്ന് ആലോചിക്കാന്‍ തുടങ്ങി..
പുറത്ത്‌ ഗുണ്ടകളില്ല,
പഴയ ജോസ്‌ പ്രകാശ്‌ സിനിമെലെപ്പോലെ ചുമരിലോന്നും തോക്കും വാളും പരിചെം ഒന്നുമില്ല.
കൊല്ലുവോ??
ഏയ്‌.. ഇല്ലാന്നെ..
എന്‍റെ അമ്മ.. എന്‍റെ നാട്.. എന്നെ കൂട്ടുകാര്‍.. എന്‍റെ കഴിഞ്ഞാഴ്ച വാങ്ങിയ ചുവന്ന ജട്ടി……
ഇല്ല, ഇതൊക്കെ വിട്ടു എനിക്ക് പോകാന്‍ കഴിയുമോ….
കുളിയും കഴിഞ്ഞു ചെല്ലുമ്പോ അങ്ങേരു ഉണ്ട് എന്‍റെ മോവീലും പിടിച്ച് ഇരിക്കുന്നു…
ഞാന്‍ ഒപ്പോസിറ്റ്‌ ചെന്നിരുന്നു, അവളെ കാണുന്നില്ല.
അയാള്‍ കൊരങ്ങനു പോതിക്കാത്ത തെങ്ങ കിട്ടിയപോലെ അതിങ്ങനെ നോക്കിയിരിക്കുന്നു…
ആകെ മൌനം തളം കെട്ടി നില്‍ക്കുന്നു, തളം കെട്ടിനില്‍ക്കുന്ന മൌനത്തില്‍ കല്ലെറിഞ്ഞ് ഒച്ചയുണ്ടാക്കാതെ ഞാനും ഇരുന്നു….
“ഈ മോബിലിനു എന്ത് വിലയുണ്ടാകും??”
“അത് കസിന്‍ വാങ്ങിത്തന്നതാ, ഒരു പത്തായിരം ഉണ്ടാകും.”
“ഇന്റര്‍നെറ്റ്‌ ഒക്കെയുണ്ടാകും അല്ലെ?”
“മ്മ്,, ഇണ്ട്”
“അതിനും വേണ്ടേ ക്യാഷ്‌?”
“വേണം, മാസം ഒരു 100രൂപയാകും.”
“ശരി ഇന്നാ, ആ പീച്ചാത്തിപോലെ കൂര്‍ത്ത മുനയുള്ള ഷൂ മോന്‍റെയല്ലേ?
അതെടുത്ത് വരാന്തയിലോട്ടു വച്ചോ,
എന്‍റെ കണ്ണു തെറ്റിയാല്‍ ഇവിടെ ഉള്ളത് എന്തും ചില പട്ടികള്‍ കടിച്ച്ചുകൊണ്ടോവും.”

അത് എന്നെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലായെങ്ങിലും, ഒന്നും അറിയാത്തപോലെ എവ്ടുത്തു വച്ചിട്ട് വന്നിരുന്നു,
“സ്വന്താമായി വല്ലതും ഉണ്ടാക്കാറായിട്ടു പോരെ ഈ ഇന്റര്‍നെറ്റും മബിലും ഒക്കെ? അല്ല.. ഞാന്‍ പറഞ്ഞെന്നെ ഉള്ളു….”
(മൌനം.)

“എടി.. അനശ്വരെ…..”
ആകെ വാടിത്തളര്‍ന്നു കോലംകെട്ട് അവള്‍ അടുക്കള വാതിലിന്റെ അവിടെ വന്നു “കഴിക്കാറായോ?…?”
“എടുത്തു വെക്ക് ഞങ്ങള്‍ ഇപ്പൊ വരാം”
പിന്നെ എന്നോട്..
“മോനോന്നു വന്നെ.. ഒന്ന് മുറ്റത്ത് പോയി നിക്കാം..”
കഴിഞ്ഞു മോനെ.!!
അവസാന നിമിഷങ്ങള്‍ എണ്ണാന്‍ വിരല് റെഡിയാക്കി ഞാന്‍ കൂടെ ചെന്നു…..
പക്ഷെ പ്രതേക്ഷിചതു അല്ല ഉണ്ടായത്‌.
“നിനക്ക് അറിയാമല്ലോ, അവളുടെ അമ്മ മരിച്ചതില്‍പ്പിന്നെ,
എനിക്ക് ആകെ ഉള്ളത് അവളാണ്, ആ അവളിപ്പോ എന്നെക്കാളെറെ നിന്നെപ്പറ്റിയാണ്
സംസാരിക്കുന്നത്, നിന്നെ കാണാതെ ബക്ഷണം കഴിക്കില്ല എന്നും പറഞ്ഞു ഒരാളിവിടെ രണ്ടു ദിവസമായി വ്രതത്തിലാണ്,
ഒരു കാര്യം പറയാം…
നിങ്ങള്‍ക്കൊക്കെ ഈ ലോകത്തില്‍ വേറെ പലരും ഉണ്ടാകും.
എനിക്ക് ആകെ ഉള്ളത് ഇവളാണ്. അതുകൊണ്ട് അവളെ വിഷമിപ്പിക്കാന്‍ കഴിയുന്നില്ല.
ഇവിടുത്തെ ബക്ഷണം ഒന്നും ഇഷ്ട്ടാവോ എന്ന് അറിയില്ല, എന്നാലും മോന്‍ ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യണം.
നീ ഇപ്പൊ കഴിചില്ലെങ്ങില്‍ അവള് കഴിക്കില്ല.
എന്‍റെ മകള്‍ കരഞ്ഞാല്‍ അത് എന്‍റെ കഴിവില്ലായ്മ്മ മാത്രമാണ് അതാ ഞാന്‍ നിന്നെ വിളിച്ചത്.
നീ വരുമെന്ന് ഞാന്‍ കരുതിയില്ല, ടാപ്പ്‌ അവിടെയാണ്, കൈ കഴുകീട്ടു വാ….
പിന്നെ….. ഇതൊന്നും അവളോട്‌ പറയേണ്ട. ”
കഴിക്കാന്‍ പോയി ഇരുന്നു.
മനസ്സില്‍ കുറ്റബോധം നിറഞ്ഞുകവിഞ്ഞു അതൊരു നീര്ചാലായി ഏതു നിമിഷവും പെയ്യാന്‍ നില്‍ക്കുന്ന കാര്മേഘത്തെപ്പോലെ കണ്‍കോണില്‍ നിരഞ്ഞു നിന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍, മകളെ മാത്രം നോക്കുന്ന ഒരു അച്ഛനെ കണ്ടു, എന്നെ മാത്രം നോക്കുന്ന ആ മകളെ കണ്ടു.
എന്‍റെ മനസ്സില്‍ അപ്പോള്‍ പ്രണയമോഴിഞ്ഞുപോയിരുന്നു.
ഞാനുണ്ടായിരുന്നില്ല അവിടെ, അവളുണ്ടായിരുന്നില്ല.
എന്‍റെ മനസ്സ് നിറയെ അങ്ങേരായിരുന്നു. ഇങ്ങേനെ ഒരു അച്ഛനെ കിട്ടാന്‍ നൂറുകോടി പുണ്യം ചെയ്യണം പോത്തേ എന്നും പറഞ്ഞു ഇറങ്ങിപ്പോരാന്‍ തോന്നി…
പിന്നെയും ഒരുപാട് സംസാരിച്ചു, ഓരോ വാക്കിലും ഞാന്‍ ഒരുപാട് ചെരുതായിപ്പോകുന്നതായി മനസ്സിലായി, എങ്ങേനെയെങ്ങിലും ഓടി രക്ഷപ്പെട്ടാല് മതി എന്നായി.
അവസാനം ഉറങ്ങാന്‍ പോകുമ്പോ ഫോണ്‍ രണ്ടാള്‍ക്കും തിരിച്ചുതന്നിട്ടു പറഞ്ഞു, നിങ്ങളിപ്പോ പഠിക്കാന്‍ വിട്ട സമയത്ത്‌ പടിക്ക്, മറ്റുള്ളവര്‍ക്ക് തലവെടനയുണ്ടാക്കാതെ ഇരിക്ക്, ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ മുതിര്‍ന്നവര് നോക്കും. പോയി ഉറങ്ങിക്കോ…
ഒരു പന്തീരായിരം പ്രാവശ്യം തിരിഞ്ഞും മറിഞ്ഞും തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു……
അങ്ങനെ അധികം സീന്‍ ബോറാക്കാതെ അവിടുന്ന് ഇറങ്ങി.
******
ബുക്ക്‌ എടുക്കാന്‍ ഹോസ്റ്റലില്‍ പോയ ഞാന്‍ തിരിച്ചു വീട്ടില്‍ രാവിലെ ഒരു 10മണിക്ക് എത്തി..
വരാന്തയില്‍ ഇരിക്കുന്ന അമ്മേം അച്ഛനും ഒരുമാതിരി നോട്ടം നോക്കുന്നു.. ചമ്മല് മറക്കാനായി പറഞ്ഞു
“അമ്മെ വെശക്കുന്നു…. എന്തേലും തിന്നാന്‍ താ..”
“നീ എത്തിയോ എന്ന് ചോദിച്ച് ഒരു രാഘവന്‍ നമ്പ്യാരും, അനശ്വരയും വിളിച്ചിരുന്നു!”

പരസ്സിനിക്കടവ്‌ മുത്തപ്പാ!! ഇവരും അറിഞ്ഞോ!! എല്ലാം പൊളിഞ്ഞു!!
വേറെ ഒരു വഴീം ഇല്ലാത്തോണ്ട് പിന്നേം പറഞ്ഞു.
“അമ്മെ… ഇവിടെ എന്തേലും ഇരിപ്പുണ്ടോ?”
അച്ഛന്‍ എന്തോ അമ്മയോട് പറയുന്നുണ്ടാരുന്നു…. ചെവി കൂര്‍പ്പിച്ചു!
“ഓന്‍ ആടന്ന്‍ ഒന്നും കൈച്ചിട്ടില്ലേ?”
“ബിളിച്ചെരം കൈച്ചിനീന്നാ പറഞ്ഞെ…. ഇത് ചമ്മല്സ് ആണ്.”
അന്ന് മനസ്സില്‍ പൊട്ടിയ ലഡ്ഡു ഒക്കെ കൂട്ടി വച്ച്ചിരുന്നെങ്ങില്‍ ഒരു കട തുടങ്ങാരുന്നു….
വൈകുന്നേരം പിന്നേം തോട്ടില്‍ കുളിക്കാന്‍ ചെന്ന എന്നെക്കണ്ട് ഫ്രെണ്ട്സ് കണ്ണുപിന്നേം പിന്നേം തിരുമ്മി നോക്കി
നുള്ളി നോക്കി…. എന്‍റെ അനുസ്മരണ സമ്മേളനത്തിനു കുപ്പി വാങ്ങാന്‍ പൈസ തികയാത്തതിനാല്‍ ഞാനും കൂടെ പൈസ കൊടുക്കേണ്ട അവസ്ഥയായി….
എല്ലാം കഴിഞ്ഞപ്പോ സംഭവിച്ചത് കേള്‍ക്കാന്‍ പ്രെക്ഷകരു റെഡിയായി..
ഞാന്‍ പറയാന്‍ തുടങ്ങി…

അവിടെ ബസ്സിറങ്ങിയപ്പോ 5ഗുണ്ടകള്‍ ദിങ്ങനെ നിക്കുവാണ്……….

Advertisements
Standard