തോന്നിയത്‌

ഉറുമ്പരിച്ച കഥ.

Image

ഉറുമ്പുകളോട് അയാള്‍ക്ക് ദേഷ്യമുണ്ടായിരുന്നില്ല.

ഇഷ്ട്ടം തീരെ ഉണ്ടായിരുന്നില്ല… തെളിച്ചു പറഞ്ഞാല്‍, യാതൊരു വികാരവും ഉണ്ടായിരുന്നില്ല.ശ്രദ്ധിചിരുന്നില്ല, അല്ല, ശ്രദ്ധിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. ശ്രദ്ധിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

പഞ്ചാരപ്പാട്ടയിലെ ഉറുമ്പുശല്യത്തെപറ്റി കെട്ട്യോളു പറയുമ്പോ അയാളൊന്നു ചിന്തിച്ചു, ഒരു ഉറുമ്പിനു ഒരു നേരത്തേക്ക്‌ എത്ര പഞ്ചാര വേണം? ഒരു കിലോഗ്രാം…. ഒരു ഗ്രാം? ഇല്ല.. അതിലും ചെറിയ അളവാണ്. അതളക്കുന്ന തൂക്കുകട്ട അയാള് വര്‍ഗീസേട്ടന്റെ കടയില്‍ കണ്ടിട്ടില്ല, അപ്പൊ അത്രക്കുറച്ച് പഞ്ചാര പോയാലെന്താ? ഹാ… പൊയ്ക്കോട്ടേ എന്ന് വിചാരിച്ചു അയാള്‍.

             വീണ്ടും ഉറുമ്പിനെ ശ്രദ്ധിക്കേണ്ടി വന്നു അയാള്‍ക്ക്. മുറ്റത്തെ പനിനീരിന്റെ പൂവ് പറിക്കാന്‍ മോളു കെഞ്ചിയപ്പോളായിരുന്നു അത്. അയാള്‍ക്ക് മുള്ലുകളെപേടിയായിരുന്നു. ഒരു നുള്ളു കൊണ്ടെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുന്നേ എന്തിനായിരുന്നു ഈ മുള്ളെല്ലാം അടര്‍ത്തിയെടുത്ത്? മുള്ള് മുഴുവന്‍ കളഞ്ഞുകഴിഞ്ഞാല്‍ ആ പൂ പിന്നെന്തിനാ അവിടിരിക്കുന്നെ? ഒന്നും പറയാതെ ആ പൂവ്‌ കീഴ്പ്പെട്ടു. പൂവ്‌ മണക്കാനെടുത്ത മോളു അതിലൊരു ഉറുമ്പിനെ കണ്ടു. അയാള്‍ പതുക്കെ…പതുക്കെപ്പതുക്കെ ഒരു പൂവിതള്‍ കൊണ്ടമര്‍ത്തി പതുക്കെപ്പതുക്കെ ഓരോ ശ്വാസമായി ഇറുത്തെടുത്തു. രണ്ടു വിരലിനിടയില്‍ ഞെരിഞ്ഞമര്‍ന്നു ആ ഉറുമ്പ്‌.

ആ ഉറുമ്പിനു വേറെ എത്ര പൂവില്‍ കയറി ഇരിക്കാമായിരുന്നു? ചെയ്തതില്‍ തെറ്റുണ്ടോ എന്ന ആലോചനയില്‍ ആയി അയാള്‍., ഉറുമ്പല്ലേ…ഒരു പൂവിറുക്കുന്നത്തിലെ പാപത്തെക്കള്‍ ചെറുതാണ് ഇതെന്ന് അയാള്‍ മനസ്സിനെ മനസ്സിലാക്കിപ്പിച്ചു.

അന്ന് ചായ കുടിക്കുമ്പോള്‍ ചായയില്‍ ഒരു ഉറുമ്പ്‌ ചത്തു കിടക്കുന്നത് അയാള്‍ കണ്ടു. ഇതെന്തേ ഭാര്യ കാണാത്തത് എന്നാലോചിച്ചു. ഈ ഉറുമ്പ്‌ പൂവുരുമ്പിന്‍റെ ഭാര്യയാകുമോ എന്നാലോചിച്ചു, ആത്മഹത്യ ചെയ്തതാകുമോ? ഈ പെണ്ണുറമ്പ് ആത്മഹത്യാക്കുറിപ്പില്‍ തന്‍റെ പെരെഴുതിക്കാനുമോ? അയാള്‍ക്ക് ചായകുടിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് എന്നും, എല്ലായിടത്തും ഉറുമ്പുകള്‍ അയാളെ പിന്തുടരുകയായിരുന്നു,

ഉറുമ്പുകള്‍ ശ്രധിക്കപെടുകയായിരുന്നു.

ഉണരുമ്പോള്‍ കിടക്കയില്‍ ഉറുമ്പ്. കുളിക്കുമ്പോള്‍ വെറുതെ വന്ന് ഉറുമ്പുകള്‍ കുളിക്കാനുള്ള വെള്ളത്തില്‍ ആത്മഹത്യ ചെയ്യുന്നു.

പണ്ടൊക്കെ ഓഫീസില്‍ പോകുന്നതിനു മുന്‍പ്‌ അയാള്‍ക്ക് അയാളിടുന്ന ജട്ടി മറിച്ചാണ് ഇട്ടത് എന്ന് ശ്രദ്ധിക്കാന്‍ കൂടെ നേരം ഇല്ലായിരുന്നു. ഇപ്പൊ മൂന്നു പ്രാവശ്യം തിരിച്ചും മറിച്ചും നോക്കി, ഉറുമ്പുകളെ കണ്ടാല്‍ അതിക്രമിച്ചു കടക്കരുതെ എന്ന് അപേക്ഷിക്കാരുണ്ട് അയാള്‍..

ഉറുമ്പുകള്‍ കയറുന്നുത്‌ പേടിച്ചാണ് അയാള്‍ എന്നും ഓഫീസിലെ എല്ലാ ഫയലുകളും വെറുതെ എടുത്ത് പൊടി തട്ടി വൃത്തിയാക്കുന്നത്. ഉറുമ്പുപൊടി മുഴുവന്‍ ഉറുമ്പുകള്‍ തിന്നുതീര്‍ക്കുന്നു.
             അങ്ങിനെ ഇരിക്കെയാണ് അയാള്‍ അത് മനസ്സിലാക്കിയത്‌ ഭാര്യയെക്കാള്‍ അയാള്‍ ഉറുമ്പുകളെ ശ്രദ്ധിക്കുന്നു.

വീട് നിറയെ ഉറുമ്പുകളാണ്, മനസ്സ് നിറയെ ഉറുമ്പുകളാണ്. ഉറുമ്പിനെ ഭയന്ന്‍ അയാള്‍ വീട് കത്തിക്കാനോരുങ്ങിയപ്പോലാണ് ഭാര്യ കുഞ്ഞിനേയും കൂട്ടി വീട് വിട്ടത്‌. ഉറുമ്പിനെ പേടിക്കുന്നവരെ ഭ്രാന്തനെന്നു അവളെന്തിനു വിളിചെന്ന്‍ ചിന്തിക്കാതെ അയാള്‍ ആ പൂവുറമ്പിന്‍റെ പിന്‍ഗാമികളെ തേടുകയായിരുന്നു….

ഉറുമ്പില്‍ നിന്ന് രക്ഷപ്പെടാനയാള്‍ക്ക് ഭ്രാന്തമായ ഒരു ആവേശമായിരുന്നു.

കട്ടിലിന്റെ നാലു കാലും ഓരോ പാത്രത്തില്‍ എടുത്ത്‌ വച്ച് അതില്‍ നിറയെ വെള്ളമൊഴിച്ച് കിടന്നു. എന്നിട്ടും ഉണരുമ്പോള്‍ കിടക്കയില്‍ ഉറുമ്പുകള്‍.
ഷര്‍ട്ട് ഒരൊറ്റ നൂലില്‍ കെട്ടി ഉത്തരത്തിലെ ഹുക്കില്‍ കെട്ടി, ഒരു നൂല് മതിയായിരുന്നു ഒരായിരം ഉറുമ്പിനു സഞ്ചരിക്കാന്‍. ഭക്ഷണം കഴിക്കാന്‍ പേടിയായിതുടങ്ങിയിരിക്കുന്നു അതിലൂടെ വയറിനുള്ളില്‍ ഉറുമ്പുകേറിയാലോ എന്നായിരുന്നു ഭയം.

      ഉറുമ്പുകളെ കൊല്ലനം, അയാള്‍ തീരുമാനിച്ചു,

ഷൂസും എടുത്ത് മുറിയുടെ മൂലയ്ക്ക് ചെന്നിരിപ്പായി….

കസേരയുടെ അടിയില്‍ ഒരു ഉറുമ്പ്..

ഒരു കുതിപ്പ്‌……. …,,,,.കസേര തട്ടിമാറ്റി..കമിഴ്ന്നുകിടണ്ണ്‍ ഒറ്റയടി.. എല്ലാം ഒരു നിമിഷം കൊണ്ടുകഴിഞ്ഞു..

പക്ഷെ ഉറുമ്പ് രക്ഷപെട്ടിരുന്നു….

രണ്ടു കയ്യും ഷൂവില്‍ കൂട്ടിപിടിച്ച് കാതുകൂര്‍പ്പിച് നിന്നു

അയാള്‍…ശബ്ദത്തെ വെറുത്തു തുടങ്ങിയിരുന്നു അയാള്‍….നേരം തെറ്റി പെട്ടന്ന് ഫോണ്‍ റിങ്ങ് ചെയ്തു…

പേടിച്ചരണ്ട അയാള്‍ അതിന്റെ റിസീവര്‍ എടുത്ത് അടുത്തുണ്ടായിരുന്ന വെള്ളം നിറച്ച ജഗ്ഗില്‍ ഇട്ടു….

അതില്‍ നിന്ന് ഉയര്‍ന്നുവന്ന കുമിളകളുടെ ശബ്ദം പോലും അസഹനീയമാണ്…..

സെക്കന്‍ഡ്‌ സൂചിയുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അയാള്‍ ക്ലോക്ക് എറിഞ്ഞുടച്ചു…കാതു കൂര്‍പ്പിച്ചു…ഉറുമ്പിനെകൊല്ലണം….ഉറുമ്പിനെകൊല്ലണം….

ഉറുമ്പിനെ കണ്ടതും ആഞ്ഞു ആഞ്ഞ് അതിനെ വീണ്ടും വീണ്ടും അടിച്ച് ചതച്ചുകളഞ്ഞു… പക്ഷെ,,,ഉറുമ്പുകള്‍ കൊറേ എണ്ണം വരുന്നു….എണ്ണാന്‍ കഴിയാവുന്നതില്‍ അധികം… ഇല്ല ഒരു ഷൂസുകൊണ്ട് കൊല്ലാനാകില്ല ഇതിനെ എല്ലാം..

                  ഒരു കസേരയില്‍ കയറി ഇരുന്ന് കലുരണ്ടും അതില്‍ കയറ്റിവച്ച് ഒറ്റയിരിപ്പ്. ഉറുമ്പുകള്‍ കയറി വരുന്നത് അയാള്‍ക്ക്‌ കാണാമായിരുന്നു. മുറ്റം നിറയെ ഉറുമ്പുകള്‍. വാതിലടച്ചിട്ടും താക്കോല്‍ ദ്വാരത്തിലൂടെ ഒരുകിവരിയയാണ് ഉറുമ്പുകള്‍….കാത്തു കൂര്‍പ്പിച്ചപ്പോള്‍ അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു ഒരു ഉറുമ്പ് ആക്രോശിക്കുന്നത്

” മുന്‍പിലുള്ള സഖാവിനെ പിന്തുടരൂ…. നില്‍ക്കരുത്‌….നടക്കരുത്….സംശയിക്കരുത്‌…. ചോദ്യം ചോദിക്കരുത്…. ഓടുവിന്‍…”

           

             ചക്രവ്യൂഹതിലെക്ക് കയറിച്ചെല്ലുന്ന അഭിമന്യുവിന് പോലും ഇത്ര ഉശിരുണ്ടയിരുന്നില്ല. പോരാടാന്‍ അയാള്‍ക്ക്‌ ആയുധമില്ല..സമയമില്ല..ഉറുമ്പുകള്‍ നിറയുന്നു മുറിയില്‍… പരക്കുന്നു… മുറി നിറയെ ഉറുമ്പുകള്‍… ഉറുമ്പു പതയുന്ന കാതടപ്പിക്കുന്ന ശബ്ദം…. കൈകള്‍ കൊണ്ട് ചെവികള്‍ കൂട്ടിയടച്ചു….ശരീരത്തിലേക്ക് കയറുന്ന ഉറുമ്പുകളെ കാണാന്‍ അയാള്‍ക്ക്‌ രണ്ടു കണ്ണുകള്‍ പോരാതെ വന്നു…. ഈ കയറി വരുന്ന ഉറുമ്പുകളെ അടിച്ചോടിക്കാന്‍ അയാള്‍ക്കു കൈകള്‍ പോരാതെ വന്നു……മുറി നിറയെ ഉറുമ്പുകള്‍….ഉറുമ്പ് കാലില്‍ കയറി തുടങ്ങിയിരിക്കുന്നു…. അരയോളം എത്തി… മൂക്കടച്ചു പിടിക്കണം ഇല്ലെങ്കില്‍ മൂക്കിലൂടെ തലച്ചോറില്‍ കയറും. തല ഉറുമ്പരിക്കും, മനസ്സ്‌ പണ്ടേ ഉറമ്പരിച്ചതാണ്. നാസദ്വാരത്തില്‍ രണ്ടു പത്ര കടലാസു കഷണം തിരുകി കയറ്റി… ചെവി അടച്ചിട്ടും ശബ്ദം നിലയ്ക്കുന്നില്ല….ഉറുമ്പുകള്‍ കണ്ണിന്‍റെ വക്കത്തു എത്തിക്കഴിഞ്ഞു… കണ്ണടച്ചു….മനസ്സടച്ചു… ഉറുമ്പുകള്‍..

 

….ഉറുമ്പുകള്‍….

 

ഉറുമ്പുകള്‍ മാത്രം…..

 

           നാലാം നാള്‍,

 

       ആ ഭ്രാന്തന്‍റെ ഉറുമ്പരിച്ച ശരീരത്തിന് അടുത്തിരുന്ന് രണ്ട് ഉറുമ്പുകള്‍ ഈ കഥ മുഴുവന്‍ പറയുമ്പോള്‍ ചുരുട്ടിപ്പിടിച്ച ഒരു മാസികയുടെ നിഴല്‍ അവറ്റകളുടെ ദേഹത്ത്‌ പതിക്കുന്നുണ്ടായിരുന്നു.

 

Advertisements
Standard