തോന്നിയത്‌

കുന്തീഭാരം

“So we beat on, boats against the current, borne back ceaselessly into the past.”
[ മേല്‍പ്പറഞ്ഞതുമായി യാതോരുബന്ധവുമില്ലായെന്നു പറയാനാകാത്ത കാര്യങ്ങളാണ് നിങ്ങളെനി വായിക്കാന്‍ പോകുന്നത്, അതിനാല്‍ മേല്പ്പറഞ്ഞത് വെട്ടിക്കളയുക.]
അഞ്ചാം ക്ലാസ്സിലെ മൂത്രോയിക്കാന്‍ വിട്ടതില്‍പിന്നെയുള്ള ആദ്യത്തെ പിരീഡ്, രുക്കുടീച്ചര്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു
“ഡീ..ഈ..ബീ..യൂ..ട്ട്…ഡീബട്ട്”
എല്ലാരും കൂടെ ചൊല്ലി ഡീബട്ട്, പക്ഷെ വിശ്രവസിനു അത് ദഹിച്ചില്ല. അവന്‍ ചോദ്യം ചെയ്തില്ല,
രുക്കുടീച്ചര്‍ വീണ്ടും ചൊല്ലി

“ഡീ..ഈ..ബീ..യൂ..ട്ട്…ഡീബട്ട്”
ഇത്തവണ അവനു സഹിച്ചില്ല, അവന്‍ എണീറ്റ് നിന്ന് ബഹുമാനം കൊടുത്തുകൊണ്ടുതന്നെ ചോദിച്ചു
“ഡെബ്യൂ ന്നല്ലേ പറയാ ടീച്ചറെ ”
രുക്കുടീച്ചര്‍ക്ക് അറിയാം അവന്‍ പറയുന്നത് ശരിയാരിക്കും, അവന്റെച്ചന്‍ കോളേജിലെ ഇംഗ്ലീഷ് മാഷാണ്, ടീച്ചര്‍ അങ്കീകരിചെന്ന മട്ടില്‍ തലയാട്ടാന്‍ തുടങ്ങുന്നതിനു മുന്നേ മൈമൂന പറഞ്ഞു
” എയിത്യ പോലെ ബായിച്ചാ പോരെ?”
ഇനി വരുന്ന നിമിഷമാണ് വിശ്രവസിന്റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ തീരുമാനിച്ചത്. ഒന്നാം ബെഞ്ചില്‍ നിന്നൊരു പെണ്ണ് ശൂന്യതയില്‍ നിന്നെഴുന്നേറ്റ്‌ തന്റെ വാക്കിന് ഒരു കൈ സഹായം തന്നിരിക്കുന്നു.
“ൈഎന് മൈമൂന എല കണ്ടാല്‍ ചപ്പ്ന്നല്ലേ പറയല്”
മൈമൂന തോറ്റു, വിശ്രവസ് ജയിച്ചു, വരലക്ഷ്മിയും ജയിച്ചു. സുഹസ്തന്‍ ജയിച്ചുമില്ല തോറ്റുമില്ല.

മൈമൂനയെ വരലക്ഷ്മിക്ക് ഇഷ്ട്ടമല്ല. വരലക്ഷ്മിയെ മൈമൂനക്കും. വരലക്ഷ്മിക്ക് ഇഷ്ട്ടപെടാതിരിക്കാന്‍ കാരണമുണ്ടായിരുന്നു, മൈമൂന ക്ലാസ്സില്‍ ഫസ്ടാണ്, പക്ഷെ ഇനി അതുണ്ടാവില്ല എന്നും അവള്‍ക്കറിയാം. വിശ്രവസ് അവളെ തോല്‍പ്പിക്കും.
വിശ്രവസിനു മൈമൂനയോടു ദേഷ്യമില്ല. വരലക്ഷ്മിയോടു ഇഷ്ട്ടക്കൂടുതലുണ്ട്, ആപത്തില്‍ സഹായിച്ചവളാണ്.
സുഹസ്ത്തന് ആരോടും ഇഷ്ട്ടമില്ല, ആരോടും ദേഷ്യമില്ല.

ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം, ആര്‍ക്കൊക്കെ ആരോടൊക്കെ ഇഷ്ട്ടമുണ്ട്, ആര്‍ക്കൊക്കെ ആരോടൊക്കെ ഇഷ്ട്ടമില്ലായ്മ്മയുണ്ട് എന്നറിയാന്‍ ഒരു യാത്രവേണം. യാത്ര അവസാനിക്കുന്നത് പഴയ കൂവേരിക്കടവിലാകണം, പഴയ ഗ്രാമം ജനിക്കാന്‍ വിത്തുകള്‍ വേണം, അത്തിമരത്തിന്റെ വിത്ത്‌, ഒയലിച്ചയുടെ വിത്ത്, കൂവേരിക്കടവിന്റെ വിത്ത്, കടവിലെ തോണിക്കാരന്റെ വിത്ത്, മൊട്ടക്കുന്നിന്റെ വിത്ത്, സ്കൂളിന്‍റെ വിത്ത്, എല്ലാത്തിനും പുറമേ നിഷ്കളങ്കതയുടെ വിലപിടിച്ച വിത്ത്‌. വിത്തുകളെ ഓര്‍മയൊഴിച്ചു മുളപ്പിക്കണം, എന്നിട്ട് വാക്കുകള്‍ നല്‍കി വിശ്രവസിന്റെ പേര് വിളിപ്പിക്കണം, വിശ്രവസിന്റെ പേര് വിളിക്കുമ്പോള്‍ മൈമൂനയുടെ പേരും വിളിക്ക്കണം, സുഹസ്തന്‍റെ പേരും അരികിലൂടെ കടന്നുപോകണം ഒരു മന്ദസ്മിതത്തോടെ, പിന്നെ…
ഇടയ്ക്കിടെ പിടച്ചുവേവുന്ന ഒരു വാക്കുണ്ട്. ആഴങ്ങള്‍ വിട്ടുപോവുന്ന മീന്‍വേഷം അഴിച്ചുവയ്ക്കുന്ന നീരുടുപ്പു പോലെ പൊള്ളുന്നത്. ഞെട്ടറ്റുവീഴുന്ന ആകാശം പോലെ ചോര വാര്‍ന്ന്. പഴുത്തടക്കയുടെ മധുരത്തിലും, അത്തിപ്പഴത്തിന്റെ ചവര്‍പ്പിലും, ചിലുമ്പിപ്പുളിയുടെ പുളിയിലും. ഓരോവട്ടവും അതു വരലക്ഷ്മിയുടെ പേരെഴുതരുതേ എന്നു ദുര്‍ബലമായി ഓര്‍ക്കും, ഓരോവട്ടവും അത് വിശ്രവസിനെ തോല്‍പ്പിച്ചുകൊണ്ട് കനത്ത ഭാഷയില്‍ ഉച്ച്ചരിക്കും ” വരലക്ഷ്മി, വരലക്ഷ്മി” എന്ന്.

വരലക്ഷ്മിയോടു എങ്ങിനെ സംസാരിക്കും എന്ന് കരുതിക്കൊണ്ടാണ് വിശ്രവസിന്റെ പിറ്റേ ദിവസം ആരംഭിച്ചത്, ഓരോ വഴി ചിന്തിക്കുമ്പോഴും വിശ്രവസ് കൂടുതല്‍ വിറച്ചു,വിയര്‍ത്തു. ആരംഭിച്ചത് വരലക്ഷ്മിയാണ്.
‘ വിശ്രവസ് ചോറുണ്ടിട്ട് എന്‍റെപ്പരം ബരുവോ”

അമ്മ വിലക്കിയിട്ടുണ്ട്, സ്കൂളില്‍ നല്ല നടപ്പാകണം മാഷംമാര്‍ക്കൊക്കെ അച്ഛനെ അറിയാം. ബെല്ലടിക്കുന്നതിനു മുന്നേ എത്തിയില്ലെങ്കില്‍ മാഷമ്മാരറിയും, അച്ഛനറിയും പിന്നെ ഉസ്കൂളിള്ള, വരലക്ഷ്മിയില്ല. പക്ഷെ ചിന്തിച്ചതായിരുന്നില്ല വിശ്രവസ് പറഞ്ഞത്.

” ങ്ങോട്ടാ “
“കുമാരേട്ടന്‍ അടക്കപറിക്കുന്നത് കണ്ടിട്ടിണ്ടാ?’

വിശ്രവസ് തോള് ഒന്നുയര്‍ത്തി താഴ്ത്തി.
” കുമാരേട്ടനും കൊരങ്ങനും ഒരുപോലെയാണ്, പച്ചെ കുമാരേട്ടന്‍ പൌത്തടക്ക തരും, നീ തിന്നിട്ടിണ്ടാ?”
തോളുകള്‍ വീണ്ടും സംസാരിച്ചു.
” നല്ല മധിരാന്ന്‍. പോബാം.”
അമ്മയുടെ താക്കീതിനേക്കാള്‍ ശക്തമായിരുന്നു വരലക്ഷ്മിയുടെ മധുരമുള്ള വിളിക്ക്, കുമാരേട്ടന്‍ ഒരു അതിശയം തന്നെയായിരുന്നു. വല്യ പറമ്പിന്റെ ഒരറ്റത്തെ കവുങ്ങില്‍ കുമാരേട്ടന്‍ അണ്ണാന്‍ കേറും പോലെ കേറും. പിന്നെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ചാന്ജാട്ടമാണ് അങ്ങിനെ അങ്ങേ അറ്റത്ത് കുമാരേട്ടന്‍ ഇറങ്ങുന്നത് വരെ നോക്കി നിന്നു രണ്ടുപേരും, കൂട്ടത്തില്‍ പഴുത്തടക്ക ഈമ്പിക്കുടിച്ചു,
” പൊയ കാണാന്‍ പോയിറ്റിണ്ടാ?”
തോളുകള്‍ പിന്നെയും.
” അത്തിപ്പയം തിന്നിട്ടിണ്ടാ?”
” ച്ചും”
” ഒയിലിച്ച തിന്നിനാ?”
”ല്ല”

“ഉജാല ബണ്ടി ഓടിചിനാ”

വിശ്രവസ്സിനു സഹികെട്ടു, ടാന്ഗ്രാം അറിയുമോ? നിനക്ക് ഇംഗ്ലീഷ് കൂട്ടക്ഷരം എഴുതാനറിയുമോ? സുഡോകു കളിക്കാനറിയുമോ? ഈ ചോദ്യങ്ങളൊക്കെ പൊങ്ങി വന്നെങ്ങിലും വീണ്ടും തോളുകള്‍ അനക്കി അടുത്ത ചോദ്യം കാത്തു നിന്നു അവന്‍

“അയ്യേ…പിന്നെന്നാ നീ ചെയ്തിനി? മൂത്രപ്പുളി തിന്നലാരിക്കും അല്ലെ? ” അവള്‍ പൊട്ടിചിരിച്ചപ്പോള്‍ നട്ടുച്ചയ്ക്ക് ആയിരം നക്ഷത്രങ്ങള്‍ ഉദിച്ചപോലെ തോന്നി വിശ്രവസിനു, പല്ലുകളില്‍ പാലപ്പൂവ് കണ്ടു അവന്‍.
” എനക്ക് മൂത്രപ്പുളീം അറീല”
” രണ്ടാം പിരീഡ് കൈഞ്ഞ നിങ്ങ ആങ്കുട്ട്യോള്‍ ഏടിയ മൂത്രോയിക്കാന്‍ പോല്?”
“അത് ഇലുമ്പി പുളീന്റേ ചോട്ടില്”
” ആ അതന്നെ, നിങ്ങളെല്ലാം ഒയിച്ച് ഒയിച്ച് ആ പുളിക്കിപ്പോ മൂത്രത്തിന്റെ ചൊയയല്ലേ”
” ഞാനത് തിന്നലില്ല, ഞീ ക്ലാസ്സില്‍ വരുന്നുണ്ടാ.”
ക്ലാസ്സിലെത്താന്‍ വൈകി, വിഷമഭിന്നത്തിന്റെ വിഷമസന്ധിയില്‍ ഞെരിപിരികൊള്ളുകയായിരുന്നു ക്ലാസ്. ഉമ്മര്‍മാഷെ തല്ല് ഉറപ്പാണ്.
വരലക്ഷ്മി വിശ്രവസിന്റെ ചെവിയില്‍ ഉരിയാടി
” തല്ലുംബം കൈമ്മില് ദേശം തുപ്പലിട്ടാ മതി എന്നിറ്റ് കണ്ണും ചിമ്മിക്കോ വേന കൊറയും”
മൈമൂനയുടെ മനസ്സ് അപ്പര്‍ത്തെ പേര മരത്തിന്റെ കൊമ്പത്തെ കമ്പുകളില്‍ സംശയത്തിന്‍റെ ചാഞ്ചാട്ടം നടത്തിതുടങ്ങിയിരുന്നു.
പക്ഷെ പേരകമ്പ് വേണ്ടി വന്നില്ല. കൈയ്യില്‍ തുപ്പെണ്ടി വന്നില്ല. കണ്ണും ചിമ്മീല. ഉമ്മര്‍മാഷ്‌ പറഞ്ഞു
“ങ്ങും, കേറിരി, ഇനി ബൈതാല്‍ അച്ഛനോട് പറയും ഞാന്‍.”
വരലക്ഷ്മി ജയിച്ചു, അല്ല വിശ്രവസ് ജയിപ്പിച്ചു.

പിറ്റേന്ന് വിശ്രവസ് വരലക്ഷ്മിയോടു മിണ്ടിയില്ല, ഒരു തരം പേടിയായിരുന്നു. അച്ഛനറിഞ്ഞാല്‍ ഉസ്കൂളില്ല, വരലക്ഷ്മിയല്ല ഉസ്കൂളാണ് വല്യത്.
മരീചികയെ കുറിച്ചാണ് അന്നു പഠിപ്പിച്ചത്. ഇല്ലാത്ത വെള്ളത്തെ കാണുന്ന പ്രതിഭാസം കണ്ടവര്‍ ക്ലാസില്‍ മൈമൂനയും വരലക്ഷ്മീം ആരുന്നു.
മൈമൂന പറഞ്ഞു “ഗള്‍ഫില് കണ്ടിനി”
“ആര്”
“ന്റുപ്പാ”
അതു പുളുവാണെന്ന്‍ എല്ലാര്‍ക്കുമറിയാം, മൈമൂനെന്റെ ഉപ്പ കൊയിക്കൊടാണ്.
വരലക്ഷ്മി പറഞ്ഞു ” ഉച്ചക്ക് കൂവേരിക്കടവിലെ പൂയീല് കണ്ടിനി ബെള്ളം “
മൈമൂന : “പൊയെലെ ബെള്ളാരിക്കും”
“ഭാഗോതിയാണേ സത്തിയം”
വിശ്രവസിനും കാണണം. ചോദിച്ചില്ല.
ഉച്ചയ്ക്ക് കടവിലേക്ക് വരലക്ഷ്മി വിളിച്ചു. വിശ്രവസ് വരലക്ഷ്മിയുടെ നിഴലു പിന്തുടര്‍ന്നു.
കൂവേരിപ്പുഴ കണ്ടു. ചാഞ്ഞു നിക്കുന്ന തെങ്ങുകണ്ടു. തടയണ കണ്ടു. കൂരമീനെ കണ്ടു. അത്തിമരം കണ്ടു. ദൂരെയൊരു തോണി കണ്ടു.
തോണി ചൂണ്ടിക്കാണിച്ചുകൊണ്ട് വരലക്ഷ്മി പറഞ്ഞു ” ഞീ തോണീപ്പോയിനാ?”
തോളുകള്‍ സംസാരിച്ചു.
” തോണീലോരാളെ കണ്ടാ? ന്‍റെ അച്ഛനാ…”
” നിന്‍റെച്ചന്‍ കല്ലുകൊത്തുകാരനല്ലേ?
” ല്ല, അതമ്മേന്‍റെ കെട്ട്യോനാ‍”
വിശ്രവസിനു മനസ്സിലായില്ല, വിശ്രവസ്സു ഒന്നും ചോദിച്ചില്ല.
വരലക്ഷ്മിയുടെ കണ്ണുനിറഞ്ഞു. വിശ്രവസ് കണ്ണുകണ്ടു, കണ്ണില്‍ വെള്ളം കണ്ടു. മറ്റാരും കാണാത്ത വെള്ളം…. വിശ്രവസ് മരീചിക കണ്ടു.

വിശ്രവസ് അന്നു വീട്ടില്‍ചെന്ന്‍ അമ്മയോട് അച്ഛനെപറ്റി ചോദിച്ചു, അമ്മയുടെ പുരുവനെ പറ്റി ചോദിച്ചു. അമ്മ തല്ലി. പൊതിരെതല്ലി
വിശ്രവസ് അമ്മാമയുടെ അടുത്തു ചെന്നു..
” ഉണ്ണീനെ അമ്മ തച്ചിനാ? ഞ്ഞി കാളണ്ട, ബൈരം ബെക്കാണ്ട് നിന്നാ ഒരു കഥ പറഞ്ഞു തരാ…ഭീമന്‍റെ കഥ… അമ്മ കുന്തി. അച്ഛന്‍ കാറ്റിന്‍റെ ദൈവം. ഭീമന്‍റെ അമ്മയുടെ കെട്ട്യോനെ അറിയോ? ഹസ്തിനപുരി രാജാവ് പാണ്ധു. കുന്തിക്ക് ഒരുപാട് പരിച്ചയക്കാരുണ്ടായിരുന്നു… ” വിശ്രവസ് കഥകേള്‍ക്കാന്‍ കാത്തിരിക്കാതെ ഉറങ്ങിയിരുന്നു.

ഇങ്ങ്, ഒരുപാടു വര്‍ഷങ്ങള്‍ക്കിപ്പുറം. കൂവേരിക്കടവ് കടന്നപ്പോള്‍ സുഹസ്തനു തോണിക്കാരന്റെ അതേ മുഖമായിരുന്നു. വരലക്ഷ്മിക്ക് അവളുടെ അമ്മയുടെ മുഖവും മൂച്ചും സ്വഭാവവും. അവര്‍ക്കൊരു കൊച്ചു വരലക്ഷ്മിയും. വിശ്രവസ് എത്ര തവണ കൂവേരിപ്പുഴയില്‍ നോക്കിയിട്ടും മുഖം കഴുകി കഴുകി നോക്കിയിട്ടും കല്ലുകൊത്തുകാരന്‍ മുഖത്തുനിന്നും മായുന്നില്ല. ഇനിയും കുന്തിമാര്‍ ഭാരം പേറരുത്. വിശ്രവസ് കഥമെനയാന്‍ കാത്തിരിക്കാതെ പുഴയാഴങ്ങളില്‍ കല്ലുകൊത്തുകാരനെ അഴിച്ചുവച്ച് ഉറങ്ങാന്‍ കിടന്നു.

 

 

 

 

 

 

 

Advertisements
Standard
Uncategorized

മനുഷ്യൻ ജനിക്കുന്ന നേരം

bjb
ഒരു നാട്.
വളരെ പഴയ മനസ്സുകള്‍ താമസിക്കുന്ന ഒരു നാട്.
ഒരു റെയില്‍പാത,ഒരു ഈയെമ്മെസ്സ് സ്മാരക വായനശാല,ഒരു ഭഗവതീ വിലാസം യുപ്പീ സ്കൂള്‍, ഒരു ചായക്കട,
ഒരായിരം ഒറ്റയടിപ്പാതകള്‍, ഒരു ഭ്രാന്തന്‍. ഒരാളോടും ദേഷ്യപ്പെടാത്ത എന്നാല്‍ ഒരാള്‍ക്കും ഇഷ്ട്ടമല്ലാത്ത ഭ്രാന്തന്‍.
അയാളെ ആ നാട്ടില്‍ എവിടെയും കാണാന്‍ പറ്റില്ല, എന്നാല്‍ എവിടെ വെനെമെന്കിലും കാണും.
തീരെ വൃത്തിയില്ലാത്ത വസ്ത്രധാരണം. കണ്ണുകളില്‍ എന്നും ഉറക്കം നിഴലിച്ച് നില്‍ക്കുന്നു,
എന്തിരുന്നാലും അയാളുടെ രാത്രിയിലെ അലറ്ച്ചകള്‍ കേട്ട് ഞെട്ടിയുണരുന്ന കുട്ടികള്‍ പകല്‍ അയാളെ കാണുമ്പോള്‍ ദൂരെ മാറി നില്‍ക്കുമായിരുന്നു.
അയാള്‍ മറ്റു ഭ്രാന്തന്മാരെ പോലെ ആയിരുന്നില്ല. ജനിക്കുമ്പോള്‍ അയാളും ഭ്രാന്തനായിരുന്നില്ല. മകനായിരുന്നു,ഭര്‍ത്താവായിരുന്നു…,
മകളെ ബലാത്സംഗം ചെയ്യുന്ന വരെ അയാള്‍ നല്ലൊരു അച്ച്ചനായിരുന്നു, ഭാര്യയെ തല്ലിക്കൊന്ന നിമിഷം വരെ അയാള്‍ നല്ലൊരു ഭര്‍ത്താവായിരുന്നു. തടവറയില്‍ അയാളൊരു നല്ലൊരു ജയില്പുള്ളിആയിരുന്നു.
തിരിച്ചു വന്നു സ്വന്തം വീട്ടിലെത്തിയപ്പോള്‍ മുതലാണോ അതോ പിറ്റേ ദിവസം നാട്ടുകാര്‍ കല്ലെറിഞ്ഞു കല്ലെറിഞ്ഞു റെയില്‍വേ ട്രാകിലെറിഞ്ഞത് മുതലാണോ അയാള്‍ ഭ്രാന്തനായെന്നു ആര്‍ക്കും അറിയില്ല,
എന്നാല്‍ കുന്നുംപുറത്തെ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ചന്തമ്മന്‍ മേസ്തിരിക്ക് ഒന്നറിയാമായിരുന്നു,….
അയാള്‍ക്ക്‌ മകളെയും ഭാര്യയെയും തന്നെക്കാള്‍ ജീവനായിരുന്നു. അയാള്‍ക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ കഴിയുമായിരുന്നില്ല..ചെയ്തിട്ടില്ല അയാളത് പലരോടും പറഞ്ഞിട്ടുണ്ട്,
കാര്യമുണ്ടായില്ല എന്നുമാത്രമല്ല അവസാനകാലത്ത്‌ ചോരതുപ്പി ചാകുമ്പോള്‍ പച്ചവെള്ളം കൊടുക്കാന്‍ ഒരു പന്നീന്‍റെ മോനും ഇല്ലാരുന്നു.
ചന്തംമന്‍ മേസ്തിരി മരിച്ചപ്പോള്‍ അയാളുടെ കൂടെ ഒരു കഥയും മരിച്ചിരുന്നു, ഒരു ഭ്രാന്തന്‍ ജനിച്ചിരുന്നു.
ഭ്രാന്തന്‍ ആണെങ്കില്‍ എല്ലാമൊരു ചോദ്യത്തില്‍ ഒതുക്കും, ആ ചോദ്യത്തിന് ഉത്തരം കാത്തു നില്‍ക്കാതെ നടന്നകലും, സക്കെവുസിന്‍റെ ചുങ്കപണത്തിലും മഗ്ദലേനയുടെ സുഗന്ധദ്രവ്യങളിലും ഉള്ള
കുറ്റബോധവും,അടക്കിയ വിങ്ങലുകളും. എല്ലാം ആ ചോദ്യത്തില്‍ ഉണ്ടാകും. ഭ്രാന്തന് പിന്നെ ചെയ്യുവാനുള്ള ഒരേ ഒരു ജോലി ഇതാണ്, ആത്മഹത്യ,
ചക്രവാളത്തില്‍ മഞ്ഞയും ചുവപും നിറയുമ്പോള്‍ അയാള്‍ റെയില്‍വേ ട്രാകിനു അരികിലുള്ള വാകമാരത്തിനു ചോട്ടില്‍ ഇരിക്കും,
മനസ്സിനെ റെയില്‍വേ ട്രാക്കില്‍ കിടത്തും, ഇരമ്പിയാര്കുന്ന തീവണ്ടിയെ നോക്കി പുഞ്ചിരിക്കും,
ഓരോ ദിവസവും ഇതേ തീവണ്ടി അയാളുടെ മുന്നില്‍ വച്ച് അതിന്റെ ജീവിതത്തിലുള്ള അതൃപ്തി മുഴുവന്‍ ഉള്ളിലൊതുക്കി പുഴയിലേക്ക്‌ മൂക്കുകുത്തുന്നത് കണ്ട്
അയാള്‍ തിരിച്ചു നടക്കും, നാളെയും വീണ്ടും മരിക്കെണ്ടാതാനെന്ന വിശ്വാസത്തോടെ….

അതെ നാട്.
വളരെ പുതിയ മനസ്സുകള്‍ താമസിക്കുന്ന ഒരു വീട്.
ഒരു  കുടുംബം, ഒരു പെണ്‍കുട്ടി, രണ്ടു മുലകള്‍, ഒരു ഒറ്റയടിപ്പാത, ഒറ്റയ്ക്ക് യാത്ര, ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍, മനസ്സിന് ഒരായിരം വഴികള്‍, ഒരാളെയും വേറുപ്പിക്കാത്ത, എന്നാല്‍ ഒരാള്‍ക്കും വെറുപ്പില്ലാത്ത ഒരു സുന്ദരിക്കുട്ടി.
അവളോട്‌ വീട്ടുകാര്‍ എന്നും എന്തൊക്കെ ചെയ്യരുത് എന്ന് പറയുമായിരുന്നു.

നിന്‍റെ മൃദുസ്വനം കേള്‍ക്കാന്‍നിനച്ചിരിക്കുന്ന വേദനിക്കുന്ന ചെവിയോടു
നീ പറയരുത്.

കുളിരുന്ന മഴകളില്‍ നിന്‍ നെഞ്ചിലെ ചൂട് തേടി അണയുന്ന ചിന്തകളെ
നീ അറിയരുത്
വിളറിയവിളറിയ നാക്കുകള്‍ നിന്നോട് പറയുന്നത് വാക്കുകളെ
നീ കേള്‍ക്കരുത്
കൂരമ്പുകള്‍ എയ്യുന്ന കണ്ണുകള്‍ കോര്‍ക്കുന്ന കനവുകള്‍
നീ കാണരുത്.
നിന്നെ മാത്രം തപസ്സിരിക്കുന്ന മനസ്സുകളെ കനവുകളില്‍ പോലും
നീ ഓര്‍ക്കരുത്.

അവള്‍ അനുസരണശീലം ഉള്ളവള്‍ ആയിരുന്നു……

അതെ നാട്

ഒരാളുമില്ലാത്ത ഒറ്റയടിപ്പാത
ഭ്രാന്തനെ പറ്റി ചന്തമ്മന്‍ മേസ്തിരി പറഞ്ഞ കഥയില്‍ വിശ്വസിച്ചതുകൊണ്ടാകും അവളെന്നും അതെ വഴിയിലൂടെ പോകുന്നത്, വെയിലായിരുന്നു,
മണ്ണ് വിണ്ടുകീരുന്നതും ചുണ്ടു കീരുന്നതും മുഖം പോല്ലുന്നതുമായ വെയിലില്‍ അവള്‍ നടക്കുന്നതിനിടയില്‍ വഴിവക്കിലെ മുളക്കാടിനിടയിലൂടെ പ്രാകൃതനായ ഒരാള്‍ അവള്‍ക്കരികിലേക്ക് ചാടിവീണു,
ആ നിമിഷത്തില്‍ അവളുടെ ലോകം ഇല്ലാതായിരുന്നു.
മരിച്ച ചന്തമ്മന്‍ മേസ്തിരിയെ അവളുടെ മനസ്സ് വീണ്ടും കൊന്നു
ഞരമ്പുകളിലൂടെ ഒരു ശൈത്യകാലം പാഞ്ഞുപോയി..
വര്‍ണ്ണങ്ങള്‍ നഷ്ട്ടപ്പെട്ട ചിത്രശലഭം, ഒറ്റ ചിറകറ്റുപോയ ഒരു കനിയാംപാറ്റ, ശബ്ദം നഷ്ട്ടപ്പെട്ട കരിവണ്ട്, കൊക്ക് മുറിഞ്ഞുപോയ പക്ഷി, ഇതൊക്കെ അയാളുടെ കാലില്പെട്ടു ചതഞ്ഞരയുന്നു… ഇനി അവളും…
മിടിപ്പുകള്‍ നഷ്ട്ടപ്പെട്ട ഹൃദയം വ്യര്‍ഥസ്വപ്നങ്ങളുടെ ചുഴിയിലായിരുന്നു…

ഇടതു കൈ ഉയര്‍ത്തി തന്റെ അടുക്കലേക്ക് നടന്നു വരുന്ന ഭ്രാന്തനെ  കണ്ട് പെണ്‍കുട്ടി അന്ധാളിച് നില്‍ക്കവേ അയാള്‍ അവളുടെ അടുത്തെത്തിയിരുന്നു, അവര്‍ക്കിടയില്‍ ഹൃദയമിടിപ്പുകള്‍ തിമിര്‍ത്ത്‌ പെയ്യുന്നുണ്ടായിരുന്നു…

” കുടിവെള്ളമുണ്ടോ കയ്യില്‍?” അയാളുടെ ശബ്ദം ദയനീയമായിരുന്നു….
നിലച്ചുപോയ ശ്വാസം തിരികെയെടുത്തു നിറകണ്ണുകളോടെ അവള്‍ വെള്ളം അയാള്‍ക്ക്‌ നേരെ നീട്ടി….

വെള്ളം കുടിച് ദയനീയത മാറി കുടിലത കണ്ണുകളില്‍ നിറഞ്ഞപ്പോള്‍ അവള്‍ടെ വീണ്ടും ഉള്ളു കാളി..
” ചോറ്റുപാത്രം…..” അയാളുടെ കനുകളില്‍ കനലും ശബ്ദത്തില്‍ ക്രൂരതയും നിറഞ്ഞിരുന്നു…
ഓടി രക്ഷപ്പെടന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവള്‍ അയാളുടെ ആകര്‍ഷണ വലയത്തില്‍ തന്നെയായിരുന്നു.
ചോറ്റുപാത്രം തുറന്നപ്പോള്‍ അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടയിരുന്നോ?
അയാള്‍ ഇടതു കൈ കൊണ്ട് ചോറ് ഉണ്ണുന്നത് കണ്ട് അവള്‍ അയാളുടെ വിശപ്പിന്റെ ആഴം അളന്നിരുന്നു..
“പൊയ്ക്കോ…..പോകാന്‍” ഭ്രാന്തന്‍ ആക്രോശിച്ചു….
അവള്‍ ഒരു വാക്കും മിണ്ടാതെ അവിട നിന്നു..
“പോകാനല്ലേ പറഞ്ഞത്…”
അവള്‍ പുറം തിരിഞ്ഞു നടന്നു..
കണ്ണുകള്‍ ചോറ്റുപാത്രത്തിലെക്ക്..
വയര് നിറയുന്നത് വരെ അയാള്‍ക് ചോറ്റുപാത്രമായിരുന്നു ലോകം..
പെട്ടന്നായിരുന്നു ഒരാള്‍ അടുത്തുണ്ടെന്ന് അയാള്‍ അറിഞ്ഞത്…
അതവളായിരുന്നു.
” ഈ വയറിനു ഇത്രേം ചോറ് മതിയോ?”
അയാള്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല, ചോറ്റു പാത്രം അവള്‍ക്കു കൊടുക്കുമ്പോള്‍ അയാളില്‍ നിന്നു ഒരു അത്മാരകമായ മുറിവേറ്റ ഒരു മൃഗം പുറത്തുചാടി,
അത് അവര്‍ക്കിടയില്‍ പൊരി വെയിലത്ത് നിലത്തുവീണ് പിടഞ്ഞു മരിച്ചു…..
ഭ്രാന്തന്‍ മരിച്ചു, മനുഷ്യന്‍ ജനിച്ചു.

Standard
തോന്നിയത്‌

ഉറുമ്പരിച്ച കഥ.

Image

ഉറുമ്പുകളോട് അയാള്‍ക്ക് ദേഷ്യമുണ്ടായിരുന്നില്ല.

ഇഷ്ട്ടം തീരെ ഉണ്ടായിരുന്നില്ല… തെളിച്ചു പറഞ്ഞാല്‍, യാതൊരു വികാരവും ഉണ്ടായിരുന്നില്ല.ശ്രദ്ധിചിരുന്നില്ല, അല്ല, ശ്രദ്ധിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. ശ്രദ്ധിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

പഞ്ചാരപ്പാട്ടയിലെ ഉറുമ്പുശല്യത്തെപറ്റി കെട്ട്യോളു പറയുമ്പോ അയാളൊന്നു ചിന്തിച്ചു, ഒരു ഉറുമ്പിനു ഒരു നേരത്തേക്ക്‌ എത്ര പഞ്ചാര വേണം? ഒരു കിലോഗ്രാം…. ഒരു ഗ്രാം? ഇല്ല.. അതിലും ചെറിയ അളവാണ്. അതളക്കുന്ന തൂക്കുകട്ട അയാള് വര്‍ഗീസേട്ടന്റെ കടയില്‍ കണ്ടിട്ടില്ല, അപ്പൊ അത്രക്കുറച്ച് പഞ്ചാര പോയാലെന്താ? ഹാ… പൊയ്ക്കോട്ടേ എന്ന് വിചാരിച്ചു അയാള്‍.

             വീണ്ടും ഉറുമ്പിനെ ശ്രദ്ധിക്കേണ്ടി വന്നു അയാള്‍ക്ക്. മുറ്റത്തെ പനിനീരിന്റെ പൂവ് പറിക്കാന്‍ മോളു കെഞ്ചിയപ്പോളായിരുന്നു അത്. അയാള്‍ക്ക് മുള്ലുകളെപേടിയായിരുന്നു. ഒരു നുള്ളു കൊണ്ടെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുന്നേ എന്തിനായിരുന്നു ഈ മുള്ളെല്ലാം അടര്‍ത്തിയെടുത്ത്? മുള്ള് മുഴുവന്‍ കളഞ്ഞുകഴിഞ്ഞാല്‍ ആ പൂ പിന്നെന്തിനാ അവിടിരിക്കുന്നെ? ഒന്നും പറയാതെ ആ പൂവ്‌ കീഴ്പ്പെട്ടു. പൂവ്‌ മണക്കാനെടുത്ത മോളു അതിലൊരു ഉറുമ്പിനെ കണ്ടു. അയാള്‍ പതുക്കെ…പതുക്കെപ്പതുക്കെ ഒരു പൂവിതള്‍ കൊണ്ടമര്‍ത്തി പതുക്കെപ്പതുക്കെ ഓരോ ശ്വാസമായി ഇറുത്തെടുത്തു. രണ്ടു വിരലിനിടയില്‍ ഞെരിഞ്ഞമര്‍ന്നു ആ ഉറുമ്പ്‌.

ആ ഉറുമ്പിനു വേറെ എത്ര പൂവില്‍ കയറി ഇരിക്കാമായിരുന്നു? ചെയ്തതില്‍ തെറ്റുണ്ടോ എന്ന ആലോചനയില്‍ ആയി അയാള്‍., ഉറുമ്പല്ലേ…ഒരു പൂവിറുക്കുന്നത്തിലെ പാപത്തെക്കള്‍ ചെറുതാണ് ഇതെന്ന് അയാള്‍ മനസ്സിനെ മനസ്സിലാക്കിപ്പിച്ചു.

അന്ന് ചായ കുടിക്കുമ്പോള്‍ ചായയില്‍ ഒരു ഉറുമ്പ്‌ ചത്തു കിടക്കുന്നത് അയാള്‍ കണ്ടു. ഇതെന്തേ ഭാര്യ കാണാത്തത് എന്നാലോചിച്ചു. ഈ ഉറുമ്പ്‌ പൂവുരുമ്പിന്‍റെ ഭാര്യയാകുമോ എന്നാലോചിച്ചു, ആത്മഹത്യ ചെയ്തതാകുമോ? ഈ പെണ്ണുറമ്പ് ആത്മഹത്യാക്കുറിപ്പില്‍ തന്‍റെ പെരെഴുതിക്കാനുമോ? അയാള്‍ക്ക് ചായകുടിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് എന്നും, എല്ലായിടത്തും ഉറുമ്പുകള്‍ അയാളെ പിന്തുടരുകയായിരുന്നു,

ഉറുമ്പുകള്‍ ശ്രധിക്കപെടുകയായിരുന്നു.

ഉണരുമ്പോള്‍ കിടക്കയില്‍ ഉറുമ്പ്. കുളിക്കുമ്പോള്‍ വെറുതെ വന്ന് ഉറുമ്പുകള്‍ കുളിക്കാനുള്ള വെള്ളത്തില്‍ ആത്മഹത്യ ചെയ്യുന്നു.

പണ്ടൊക്കെ ഓഫീസില്‍ പോകുന്നതിനു മുന്‍പ്‌ അയാള്‍ക്ക് അയാളിടുന്ന ജട്ടി മറിച്ചാണ് ഇട്ടത് എന്ന് ശ്രദ്ധിക്കാന്‍ കൂടെ നേരം ഇല്ലായിരുന്നു. ഇപ്പൊ മൂന്നു പ്രാവശ്യം തിരിച്ചും മറിച്ചും നോക്കി, ഉറുമ്പുകളെ കണ്ടാല്‍ അതിക്രമിച്ചു കടക്കരുതെ എന്ന് അപേക്ഷിക്കാരുണ്ട് അയാള്‍..

ഉറുമ്പുകള്‍ കയറുന്നുത്‌ പേടിച്ചാണ് അയാള്‍ എന്നും ഓഫീസിലെ എല്ലാ ഫയലുകളും വെറുതെ എടുത്ത് പൊടി തട്ടി വൃത്തിയാക്കുന്നത്. ഉറുമ്പുപൊടി മുഴുവന്‍ ഉറുമ്പുകള്‍ തിന്നുതീര്‍ക്കുന്നു.
             അങ്ങിനെ ഇരിക്കെയാണ് അയാള്‍ അത് മനസ്സിലാക്കിയത്‌ ഭാര്യയെക്കാള്‍ അയാള്‍ ഉറുമ്പുകളെ ശ്രദ്ധിക്കുന്നു.

വീട് നിറയെ ഉറുമ്പുകളാണ്, മനസ്സ് നിറയെ ഉറുമ്പുകളാണ്. ഉറുമ്പിനെ ഭയന്ന്‍ അയാള്‍ വീട് കത്തിക്കാനോരുങ്ങിയപ്പോലാണ് ഭാര്യ കുഞ്ഞിനേയും കൂട്ടി വീട് വിട്ടത്‌. ഉറുമ്പിനെ പേടിക്കുന്നവരെ ഭ്രാന്തനെന്നു അവളെന്തിനു വിളിചെന്ന്‍ ചിന്തിക്കാതെ അയാള്‍ ആ പൂവുറമ്പിന്‍റെ പിന്‍ഗാമികളെ തേടുകയായിരുന്നു….

ഉറുമ്പില്‍ നിന്ന് രക്ഷപ്പെടാനയാള്‍ക്ക് ഭ്രാന്തമായ ഒരു ആവേശമായിരുന്നു.

കട്ടിലിന്റെ നാലു കാലും ഓരോ പാത്രത്തില്‍ എടുത്ത്‌ വച്ച് അതില്‍ നിറയെ വെള്ളമൊഴിച്ച് കിടന്നു. എന്നിട്ടും ഉണരുമ്പോള്‍ കിടക്കയില്‍ ഉറുമ്പുകള്‍.
ഷര്‍ട്ട് ഒരൊറ്റ നൂലില്‍ കെട്ടി ഉത്തരത്തിലെ ഹുക്കില്‍ കെട്ടി, ഒരു നൂല് മതിയായിരുന്നു ഒരായിരം ഉറുമ്പിനു സഞ്ചരിക്കാന്‍. ഭക്ഷണം കഴിക്കാന്‍ പേടിയായിതുടങ്ങിയിരിക്കുന്നു അതിലൂടെ വയറിനുള്ളില്‍ ഉറുമ്പുകേറിയാലോ എന്നായിരുന്നു ഭയം.

      ഉറുമ്പുകളെ കൊല്ലനം, അയാള്‍ തീരുമാനിച്ചു,

ഷൂസും എടുത്ത് മുറിയുടെ മൂലയ്ക്ക് ചെന്നിരിപ്പായി….

കസേരയുടെ അടിയില്‍ ഒരു ഉറുമ്പ്..

ഒരു കുതിപ്പ്‌……. …,,,,.കസേര തട്ടിമാറ്റി..കമിഴ്ന്നുകിടണ്ണ്‍ ഒറ്റയടി.. എല്ലാം ഒരു നിമിഷം കൊണ്ടുകഴിഞ്ഞു..

പക്ഷെ ഉറുമ്പ് രക്ഷപെട്ടിരുന്നു….

രണ്ടു കയ്യും ഷൂവില്‍ കൂട്ടിപിടിച്ച് കാതുകൂര്‍പ്പിച് നിന്നു

അയാള്‍…ശബ്ദത്തെ വെറുത്തു തുടങ്ങിയിരുന്നു അയാള്‍….നേരം തെറ്റി പെട്ടന്ന് ഫോണ്‍ റിങ്ങ് ചെയ്തു…

പേടിച്ചരണ്ട അയാള്‍ അതിന്റെ റിസീവര്‍ എടുത്ത് അടുത്തുണ്ടായിരുന്ന വെള്ളം നിറച്ച ജഗ്ഗില്‍ ഇട്ടു….

അതില്‍ നിന്ന് ഉയര്‍ന്നുവന്ന കുമിളകളുടെ ശബ്ദം പോലും അസഹനീയമാണ്…..

സെക്കന്‍ഡ്‌ സൂചിയുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അയാള്‍ ക്ലോക്ക് എറിഞ്ഞുടച്ചു…കാതു കൂര്‍പ്പിച്ചു…ഉറുമ്പിനെകൊല്ലണം….ഉറുമ്പിനെകൊല്ലണം….

ഉറുമ്പിനെ കണ്ടതും ആഞ്ഞു ആഞ്ഞ് അതിനെ വീണ്ടും വീണ്ടും അടിച്ച് ചതച്ചുകളഞ്ഞു… പക്ഷെ,,,ഉറുമ്പുകള്‍ കൊറേ എണ്ണം വരുന്നു….എണ്ണാന്‍ കഴിയാവുന്നതില്‍ അധികം… ഇല്ല ഒരു ഷൂസുകൊണ്ട് കൊല്ലാനാകില്ല ഇതിനെ എല്ലാം..

                  ഒരു കസേരയില്‍ കയറി ഇരുന്ന് കലുരണ്ടും അതില്‍ കയറ്റിവച്ച് ഒറ്റയിരിപ്പ്. ഉറുമ്പുകള്‍ കയറി വരുന്നത് അയാള്‍ക്ക്‌ കാണാമായിരുന്നു. മുറ്റം നിറയെ ഉറുമ്പുകള്‍. വാതിലടച്ചിട്ടും താക്കോല്‍ ദ്വാരത്തിലൂടെ ഒരുകിവരിയയാണ് ഉറുമ്പുകള്‍….കാത്തു കൂര്‍പ്പിച്ചപ്പോള്‍ അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു ഒരു ഉറുമ്പ് ആക്രോശിക്കുന്നത്

” മുന്‍പിലുള്ള സഖാവിനെ പിന്തുടരൂ…. നില്‍ക്കരുത്‌….നടക്കരുത്….സംശയിക്കരുത്‌…. ചോദ്യം ചോദിക്കരുത്…. ഓടുവിന്‍…”

           

             ചക്രവ്യൂഹതിലെക്ക് കയറിച്ചെല്ലുന്ന അഭിമന്യുവിന് പോലും ഇത്ര ഉശിരുണ്ടയിരുന്നില്ല. പോരാടാന്‍ അയാള്‍ക്ക്‌ ആയുധമില്ല..സമയമില്ല..ഉറുമ്പുകള്‍ നിറയുന്നു മുറിയില്‍… പരക്കുന്നു… മുറി നിറയെ ഉറുമ്പുകള്‍… ഉറുമ്പു പതയുന്ന കാതടപ്പിക്കുന്ന ശബ്ദം…. കൈകള്‍ കൊണ്ട് ചെവികള്‍ കൂട്ടിയടച്ചു….ശരീരത്തിലേക്ക് കയറുന്ന ഉറുമ്പുകളെ കാണാന്‍ അയാള്‍ക്ക്‌ രണ്ടു കണ്ണുകള്‍ പോരാതെ വന്നു…. ഈ കയറി വരുന്ന ഉറുമ്പുകളെ അടിച്ചോടിക്കാന്‍ അയാള്‍ക്കു കൈകള്‍ പോരാതെ വന്നു……മുറി നിറയെ ഉറുമ്പുകള്‍….ഉറുമ്പ് കാലില്‍ കയറി തുടങ്ങിയിരിക്കുന്നു…. അരയോളം എത്തി… മൂക്കടച്ചു പിടിക്കണം ഇല്ലെങ്കില്‍ മൂക്കിലൂടെ തലച്ചോറില്‍ കയറും. തല ഉറുമ്പരിക്കും, മനസ്സ്‌ പണ്ടേ ഉറമ്പരിച്ചതാണ്. നാസദ്വാരത്തില്‍ രണ്ടു പത്ര കടലാസു കഷണം തിരുകി കയറ്റി… ചെവി അടച്ചിട്ടും ശബ്ദം നിലയ്ക്കുന്നില്ല….ഉറുമ്പുകള്‍ കണ്ണിന്‍റെ വക്കത്തു എത്തിക്കഴിഞ്ഞു… കണ്ണടച്ചു….മനസ്സടച്ചു… ഉറുമ്പുകള്‍..

 

….ഉറുമ്പുകള്‍….

 

ഉറുമ്പുകള്‍ മാത്രം…..

 

           നാലാം നാള്‍,

 

       ആ ഭ്രാന്തന്‍റെ ഉറുമ്പരിച്ച ശരീരത്തിന് അടുത്തിരുന്ന് രണ്ട് ഉറുമ്പുകള്‍ ഈ കഥ മുഴുവന്‍ പറയുമ്പോള്‍ ചുരുട്ടിപ്പിടിച്ച ഒരു മാസികയുടെ നിഴല്‍ അവറ്റകളുടെ ദേഹത്ത്‌ പതിക്കുന്നുണ്ടായിരുന്നു.

 

Standard
Uncategorized

അഭിസാരിക, വെടി.

അന്വേഷിച്ച് ഒരുപാടൊന്നും നടക്കേണ്ടി വന്നില്ല
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റേഷന്റെ
ആറാം പ്ലാട്ഫോമില്‍
നിഴലിനെ താങ്ങി നില്‍ക്കുവയിരുന്നു.

മനസ്സിലൊരു വ്രണപ്പാടു കാണാനുണ്ട്
ചോര മണത്തു നോക്കി ഉമ്മവച്ച്,
വിത്ത്‌ വിതച്ച്, വിത്തിനെ കൊല്ലാന്‍
വിഷമെറിഞ്ഞു പോയവരുണ്ട്

കൈപിടിച്ച് ഉയര്‍ത്താനാളില്ലാതെ
മണ്ണില്‍ത്തന്നെ ഇഴഞ്ഞു
പടര്‍ന്ന വള്ളികളെപ്പറ്റിയും
പൊട്ടിപ്പോയ കുപ്പി വളകളെപ്പറ്റിയും
സിന്ദൂരം മണക്കാത്ത പേനുകളെ പറ്റിയും
സംസാരിച്ചു കൊണ്ടേയിരുന്നു.

ബലൂണുകളെ കുറിച്ചായിരുന്നു പിന്നെ,
തുറക്കാനും ഊതാനും
നിറയ്ക്കാനും അഴിക്കാനും ഒരു വായ.
വയര്‍ നിറയ്ക്കാനും
പൊട്ടിച്ചു കളയാനും മാത്രമാണീ
ജീവിതമെന്ന് പറഞ്ഞു

കാശ് ചോദിച്ചു
ഇല്ലെന്നു പറഞ്ഞു
വീണ്ടു ചോദിച്ചു
ഉറങ്ങിയെന്നു പറഞ്ഞു
മുട്ടി മുട്ടി ചോദിച്ചു
ഉറക്കം നടിച്ചു
തെറി വിളിച്ചു
മരണം നടിച്ചു

ചിലപ്പോ
ചിലരൊക്കെ
ചിലതിനു വേണ്ടി
ചിലതൊക്കെ ആവുന്നതാകുമെന്നു സമാധാനിച്ചു
അതിന്‍റെ അടുത്ത ആഴ്ച്ച
ബലൂണ്‍
ആരോടും ചോദിക്കാതെ
ആരോടും പറയാതെ
റെയില്‍വേ ട്രാക്കിലേക്ക്
എന്ത് തിരഞ്ഞ് ഇറങ്ങിയതാണെന്നു
എത്രയാലോചിച്ചിട്ടും
മനസ്സിലാകുന്നില്ല

നിറക്കാന്‍ റെഡിയായി
വേറെ ബലൂണുകള്‍
നാലാം പ്ലാട്ഫോമില്‍
   മുല്ലപ്പൂ ചൂടി ഇരിക്കുന്നുണ്ടായിരുന്നു
നാറുന്ന ബലൂണുകള്‍.

Standard
തോന്നിയത്‌

വെളുക്കാന്‍ തേച്ചത്

മണല്ത്തരികളെ വെള്ളത്തുള്ളികള്‍ മുക്കിക്കൊല്ലുന്ന കാലത്ത്‌…..
നാട്ടില്നിന്ന്‍ മറ്റിടങ്ങളിലേക്ക് ചേക്കേറി നോസ്ടാല്ജിയ തിന്നു ജീവിക്കുന്ന കുറച്ച് അഭിനവ എന്‍ജിനീയര്‍മാര്‍
സപ്പ്ളി ഭാരം വെള്ളത്തില്‍ചാടി തിമിര്‍ക്കുന്ന കാലം,
മമ്മൂഞ്ഞിക്കായുടെ പറമ്പിലെ കൊക്കൊകായളകും,പങ്കന്റെ മാതുലന്റെ വളപ്പിലെ കൈതച്ചക്കകളും,
അണക്കെട്ടിന്‍റെ സൈഡിലെ കരിക്കും ഇളനീരും ഞങ്ങളുടെ സൌദൃടത്തിന്റെ ഓര്‍മ്മകള്‍ക്ക് വേണ്ടി ഓര്‍മ്മകളാകുന്ന നാളുകള്‍,
വളക്കൈത്തോട്ടിലെ കൊടും വളവിലെ പാറയില്‍ ആദ്യം തൊടാനുള്ള മത്സരത്തില്‍ ആദ്യമെത്തുമ്പോ
അരയിലെ തോര്‍ത്ത്‌ മറ്റൊരുത്തന്റെ കൈപ്പിടിയില്‍ ആയെന്നു അറിഞ്ഞ്
തിരിച്ച് പിന്നേം വെള്ളത്തില്‍ ചാടി അവന്റെ നെഞ്ഞത്ത് പൊങ്കാല ഇട്ട നാളുകള്‍……

….അല്ലാ ഞാനിത് എങ്ങോട്ടാ പറഞ്ഞോണ്ട് പോണേ??

കാര്യത്തിലേക്ക് വരാം

പ്രേമം മൊട്ടിട്ട് കായ്ച്ച് മൂത്ത് പഴുത്ത്‌ പൂത്ത് നിക്കുന്ന നായകന്‍ തോട്ടില്‍ തുള്ളാന്‍ പോവുമ്പോ
കാതങ്ങള്‍ക്കപ്പുറം കാത്തു കിടക്കുന്ന കാതലിയുടെ കാതുകളില്‍ കണ്ണേ കരളേ കുളിച്ചിട്ടു കാണാം എന്ന് പറഞ്ഞപ്പോ
ഇതുവരെ കേള്‍ക്കാത്ത ഒരു വാര്‍ത്ത കേട്ട പോലെ നായിക പതിവുപോലെ എല്ലാം ഒരു മൂളലില്‍ ഒതുക്കി.
സ്വതവേ കുളി അലെര്‍ജി ആയ,
കുളിക്കാന്‍ തോട്ടില്‍ തുള്ളിയവരുടെ മോവീല്‍ സൂക്ഷിക്കാന് (മറ്റുള്ളവരുടെ sms inbox ഇല്‍ സ്വര്‍ഗം കണ്ടെത്താന്‍)
വേണ്ടി കരയില്‍ ഇരിക്കുന്ന ആത്മസുഹൃത്ത് എന്‍റെ ((ആക്ച്വലി ഞാനല്ല നായകന്‍, എഴുതാന്‍ എളുപ്പത്തിനു ഇത് ഞാന്‍ ആയേക്കാം))
sms വായിച്ച് ആനന്ദത്തില്‍ ആറാടി പിന്നെ എഴാടി അങ്ങനെ ആടി ആടി നിക്കുമ്പോ ആണ് ഫോണില്‍

“aami calling”

തേനും പാലും ഒലിക്കുന്ന smsനെ വിട്ടു പോകാന്‍ തോന്നാത്തതിനാല്‍
ആ പണ്ടാരക്കാലന്‍ അത് കട്ട് ചെയ്ത് പിന്നേം വായിക്കാന്‍ തൊടങ്ങി.
അന്ന് അവന്‍ ആദ്യമായി
” :-* ”
ബീഡി വലിക്കുമ്പോ ഇടുന്ന സ്മൈലി അല്ല അതാണ്‌ ഉമ്മ എന്ന് മനസ്സിലാക്കി,
പിന്നേം പിന്നേം കോള് വന്നപ്പോ പെടുക്കാന്‍ നിക്കുന്ന പട്ടിക്ക് കല്ലേറ് കൊണ്ട മുഖഭാവം അടക്കി നിര്‍ത്തികൊണ്ട്
സെക്കന്‍റ് പേപ്പറില്ലാതെ തോട്ടില്‍ തിമിര്‍ക്കുന്ന എന്നെ വിളിച്ചു…..
“ഡാ, നിന്‍റെ മറ്റോള് വിളിക്കുന്നു”
തിരിച്ച് വിളിക്കാന്‍ ഒന്നും സമയം കിട്ടീല അതിനു മുന്നേ മോവീല് വീണ്ടും കെടന്ന് തരിച്ചു

“എന്താടാ?? ഇപ്പ എന്താ പറ്റ്യേ?”

“……”

“പറയുന്നുണ്ടെല്‍ പറ,….. is there anythin wronge?”

അപ്പുറത്ത്‌ പുരുഷസ്വരം

“ഒന്ന് വീടുവരെ വരണം, കൊറച്ച് കാര്യം പറയാനുണ്ട്”

അള്ളോ ഇതോള്‍ടെ അച്ചന്‍ തന്നെ,
പച്ചവെള്ളത്തില്‍ കെടന്ന് നെറുകന്തല മൊതല്‍ കാലിന്റെ പെരുവിരല് വരെ വിയര്‍ത്തു കുളിച്ചു…(മൂത്രമോഴിച്ചോ എന്നാരും ചോദിക്കേണ്ട)

“ഹലോ”

“അ..ആ…എ എന്തിനാ?”

“പെട്ടന്ന് വേണ്ട, വീട്ടിന്നു ഇറങ്ങുമ്പോ ലാന്‍റ് ഫോണിലേക്ക് വിളിക്കണം, റൂട്ട് പറഞ്ഞു തരാം.” (end of call)

ആ ഒരു നിമിഷം മനസ്സിലൂടെ ഒരുപാട് കാര്യങ്ങള്‍ പാഞ്ഞു പോയി,

ക്വൊറി മുതാളിമാര്‍ക്കൊക്കെ സ്വന്തായിട്ട് ഗുണ്ടകളുണ്ടാവോ?
വീട്ടില്‍ തോക്ക് ഉണ്ടാകുമോ??
ഈ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച്ചില്ലാരുന്നെങ്ങില്‍?
നീന്തല്‍ അറിയുന്ന ആള്‍ക്ക് വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ പറ്റുമോ??
പോകണോ?
അങ്ങോട്ട്‌ പോകുമ്പോ ഭക്ഷണം കഴിച്ചിട്ട് പോകണോ?
ഇന്നെന്താ കണ്ണൂര് ഹര്‍ത്താലില്ലാത്തെ?

എല്ലാ ചോദ്യത്തിനും ഉത്തരം ഒന്നുതന്നെയാരുന്നു, ഓള് എല്ലാം ഓക്കടെ വീട്ടില്‍ പറഞ്ഞു,
എന്നെ കൊല്ലാന്‍ വിളിക്കുകയാണ്, പോയാല്‍ കൊല്ലും പോയില്ലേല്‍ ഇങ്ങോട്ട് വന്നു എന്‍റെ വീട്ടില്‍ പറയും.
വീട്ടില്‍ പറഞ്ഞാല്‍ ആകെ പ്രശ്നാകും, പിന്നെ എന്നെയാരു കൊല്ലും എന്നകാര്യത്തിലാരികും തര്‍ക്കം.

കുളിചോണ്ടിരിക്കുന്ന എല്ലാരേം വിളിച്ച് കരയില്‍ കേറ്റി ചര്‍ച്ചയാരംഭിച്ചു,
അവസാനം പോവാന്‍ തീരുമാനിച്ചു, ഹോസ്റ്റലില്‍ പോയി ബുക്ക്‌ എടുക്കണം എന്ന് പറഞ്ഞു വീട്ടിന്നു ഇറങ്ങാമെന്നു തീരുമാനിച്ചു,
എല്ലാരുടേം നോട്ടത്തില്‍ ഒരു ലോഡ്‌ സഹതാപം വാരിവിതരിയിട്ടുണ്ട്,
അതിന്റെ ഇടയ്ക്കു ഒരുത്തന്‍ ശവത്തില്‍ കുത്താനായിട്ട് എന്‍റെ ഒരു ഫോട്ടോ എടുത്തു
“എന്താടാ ഇത്?”
“അല്ല…. ഇനി ഇങ്ങനെ എടുക്കാന്‍ പറ്റീലേലോ.”
അവന്റെ ആ സ്നേഹത്തിന് മുന്നില്‍ ഞാന്‍ അവന്റെ മുതുമുതച്ച്ചമ്മാരെ വരെ വിളിച്ചുപോയി.

*…………*

വീട്ടിലെത്തി, കാര്യം ബോധിപ്പിച്ചു, ബുക്ക്‌ എടുക്കാനാ പോക്ക് എന്നുകെട്ടതുകൊണ്ടാവം അമ്മ ഒരു വിശ്വാസവും വരാതെ ഒന്നിരുത്തി മൂളി,
“പൊയ്ക്കോ, ഇനിയെന്നാ വരാ?”
അതൊരുമാതിരി ഉത്തരം പറയാന്‍പറ്റാത്ത ചോദ്യായിപ്പോയി.

മുടിചീകാന്‍ കണ്ണാടി നോക്കിയപ്പ്ഴും അതെ ഡയലോഗാ ഓര്‍മ്മ വരുന്നേ “ഇനി ഇങ്ങനെ പറ്റില്ലാലോ..”

ഞാന്‍ കണ്ണാടിയിലെ എന്നോട് ഷേവ്‌ ചെയ്യണോ എന്ന് ചോദിച്ചപ്പോ, പ്രതിബിംബം
“നേര്ച്ച്ചക്കൊഴി ഗിരിരാജന്‍ ആയാലെന്താ നാടന്‍ ആയാലെന്താ” എന്ന് പറഞ്ഞോ??
അതോ എനിക്ക് തോന്നിയതാണോ?? എന്തായാലും ഇനി അടുത്ത ആഴ്ച്ച്ചവരുന്ന യൂനിവേര്‍സിറ്റി രിസല്ട്ടിനെ പേടിക്കേണ്ടല്ലോ എന്ന ആശ്വാസത്തോടെ, ജീവിതം മടുത്ത ഞാന്‍ ഇറങ്ങിത്തിരിച്ചു.

പിന്നെയങ്ങോട്ട് അയക്കുന്ന smsനു ഒന്നും reply ഇല്ല. ഇല്ലാത്ത ദൈര്യം ഒക്കെയുണ്ടാക്കിയെടുത്ത് ബസ്സില്‍ കേറി, കോള്‍ വന്നു

“വരുന്നില്ലേ?”
“…..”
“വഴിയറിയോ?”
“അ..അ..അറിയാം, ഇല്ല അറിയില്ല. ചെറുതായിട്ട് അറിയാം.”
“ബസ്റൊപ്പ്‌ വരെ അറിയാലോ, എന്നിട്ട് വിളിക്ക്, ഞാന്‍ വരാം.” (end of call)

സമയം ഏഴുമണിയാകാറായി, ഈ സമയത്ത്‌ ട്രെയിന്‍ ഒന്നുല്ലാന്നു അറിയാവുന്ന എന്നെ എന്തിനു വീട്ടുകാര് പോകാന്‍ സമ്മതിച്ചു?
ഇങ്ങനെ ഓരോന്ന് ആലോചിച്ച്
മൊബൈലിന്റെ സ്ക്രീനില്‍ മഴകാത്തു കിടക്കുന്ന വേഴാമ്പലിനെ പോലെ ഒരു smsനു കാത്തു ഞാന്‍ ഇരുന്നു.
സ്റൊപ്പെത്തി. നാളെത്തെ പുലരി ഞാന്‍ കണ്ടാല്‍ ഒരാവസ്യും ഇല്ലാതെ
ഇതിപ്പോ പോയി പറഞ്ഞ ഓളെ ഞാന്‍ കൊല്ലുമെന്നും വിചാരിച്ച് ബസ്സില്‍നിന്നിറങ്ങി.

വഴി അറിയുമോ എന്ന് ചോദിച്ച് വിളി വന്നു.
ഓളെകൂടെ പലപ്രാവശ്യം പോയിട്ടുണ്ടെലും വഴി അറിയും എന്ന് പറഞ്ഞാല്‍ അതിനു വേറെ ശിക്ഷയുണ്ടായാലോ? അതുകൊണ്ട് അറിയില്ലാന്ന് പറഞ്ഞു. അങ്ങേരു ബാസ്സ്റൊപ്പിലെക്ക് വന്നു.
ആദ്യം തന്നെ ചോദിച്ചത്,
നീ ഇതിനു മുന്‍പ്‌ വന്നിട്ടുണ്ടെന്നാണല്ലോ അനശ്വര പറഞ്ഞാത് എന്നാരുന്നു.
പെട്ടു മോനെ, ഇവളെന്നെ കൊല്ലാന്‍ വിളിച്ചത് തന്നെയാ അപ്പൊ!
“ആ..അത്, വന്നിരുന്നു, പക്ഷെ വഴി ശരിക്ക് ഓര്‍മ്മയില്ല.”

“ചെറിയ പ്രായത്തില്‍ മറവി അത്ര നല്ലതല്ല……അതും മനപ്പൂര്‍വ്വം മറക്കുന്ന കാര്യങ്ങള്‍.”

എന്‍റെ തല കുത്തോട്ട് തന്നെയാരുന്നു, ഒന്ന് തലയുയര്‍ത്തി മുഖത്തേക്ക്‌ നോക്കണം എന്നുണ്ടാരുന്നു. പറ്റുന്നില്ല.
ഉസ്കൂളില്‍ പഠിക്കുമ്പോ നിര്‍ത്താതെ പോകുന്ന ബസ്സിനു നേരെ പിള്ളേരുടെ കൂടെ കല്ലെറിയുന്നത് പോലെയും.
ആരാന്‍റെ പറമ്പിലെ ഇളനീര് കക്കുന്നതും പോലെ അത്ര എളുപ്പമാരുന്നില്ല ഒന്ന് മുഖമുയര്‍ത്താന്‍.
എന്തെന്നറിയാത്ത ഒരു അവസ്ഥയായിരുന്നു പിന്നെ.

കുറച്ചധികം നടക്കാനുണ്ടാരുന്നു. തൃസന്ധ്യ നേരത്ത്‌ വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍
അരികിലുള്ള നെല്ക്കതിരുകളിലെ ചെറിയ വെള്ളത്തുള്ളികളില്‍ തട്ടിത്തെരിക്കുന്ന
കുങ്കുമനിറമുള്ള സൂര്യകിരണങ്ങളില്‍ തെല്ലുപോലും സൌന്ദര്യം
കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അവയോരോന്നും
എന്നെ നോക്കി പല്ലിളിക്കുന്നപോലെയും തോന്നി.
അദ്ദേഹം എന്തോക്കയോ ചോദിക്കുന്നുണ്ടായിരുന്നു,
ഞാനെന്താ പറയുന്നത് എന്ന് എനിക്കുതന്നെ ഒരു നിശ്ചയമില്ലാരുന്നു
ഓടി രക്ഷപ്പെടാന്‍ ആഗ്രഹമുണ്ടാരുന്നു, പക്ഷെ ഒരു കല്ലില്‍ കെട്ടിയ തുമ്പിയെപ്പോലെ ഞാനിങ്ങനെ അദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്ന്
ചെറിയൊരു കപ്പാലവും ഒരിടവഴിയും പിന്നിട്ട് വീട്ടിലെത്താരായി.
എവിടുന്നോ പെട്ടന്ന് ഒരു ഊര്‍ജ്ജം കിട്ടിയപോലെ പറഞ്ഞു
“എനിക്ക് പെട്ടന്ന് പോകണം….”
“മ്മം??….”
ആ ആറടി ശരീരത്തില്‍ നിന്ന് ഉയര്‍ന്ന ആ മൂളല്‍ മാത്രം മതിയാരുന്നു, എനെര്‍ജ്ജി മൊത്തം കാറ്റൂരി വിട്ട ബലൂണ്‍ പോലെ പോയി,
ഒന്നൂടെ മൂളിയിരുന്നെങ്ങില്‍ ആ കാറ്റിന്‍റെ കൂടെ എന്‍റെ ജീവനും കൂടെ പോയേനെ.

അല്ലേലും വിചാരിക്കാതെയാണ് എല്ലാം സംഭവിക്കുക. കട്ട സീരിസായി നിക്കുമ്പോഴാ ഫോണ്‍ ചിലച്ച്ചത്, ഒരു തമാശയ്ക്ക് വേണ്ടി വച്ച റിംഗ്ടോണാരുന്നു.

*ജീനാ യഹാ… മര്‍ന്നാ യഹാ….*
ചിരിക്കണോ കരയണോ എന്നുഒന്നും മനസ്സിലായില്ല. അങ്ങേരു ഒരു നോട്ടം!! ഞാന്‍ നിന്ന നില്‍പ്പില്‍ ഉരുകിപ്പോയി
ഓളാരുന്നു ഫോണില്‍. തന്തക്ക് വിളിക്കണം എന്നുണ്ടാരുന്നു… വിളിക്കാമ്പറ്റോ!! മിണ്ടാണ്ട് പറയുന്നത് കേള്‍ക്കാം
“എത്താറായോ? പേടിക്കെണ്ടാട്ടോ…. കൈഞ്ഞ കൊറച്ച് ദൂസ്സായിട്ട് ഞാനും ഇങ്ങനെ ആരുന്നു…”
എങ്ങനെ ആരുന്നു?? എന്‍റെ അവസ്ഥ എനികല്ലേ അറിയൂ…ഫോണ്‍ വച്ച്.
“ആരാരുന്നു ഫോണില്‍?”
“അത്.. അതെന്‍റെ ഒരു ഫ്രെണ്ടാ….”
“നുണ പറഞ്ഞ് അത്ര ശീലം ഇല്ല അല്ലെ??”
ഹമ്മേ!! ഇങ്ങേരു അടിക്കുന്നത് എല്ലാം ഗോളാനല്ലോ….ഇതിനേക്കാള്‍ ഭേദം അങ്ങ് കൊല്ലുന്നതാകും!

അങ്ങനെ ഒരു 8മണിയായപ്പോ വീട്ടിലെത്തി….
ഉമ്മറത്ത് ഇരിക്കുന്നുണ്ടാരുന്ന അവള് ഞങ്ങളെ കണ്ടപ്പോ അകത്ത്കേറിപോയി.
എന്നെ ടീവിയുടെ മുന്നില്‍ റിമോട്ടും തന്നിട്ട് ഇപ്പൊ വരാമെന്നു പറഞ്ഞിട്ട് പോയി, ഏതോ തമിഴ്പാട്ട് ആരുന്നു,
നമ്മള് വിട്വോ, ഒരു ഇമ്പ്രേഷനുണ്ടാക്കാന്‍ പറ്റുന്ന അവസരല്ലേ, ഇതുവരെ കാണാത്ത BBC ഒക്കെ കാണാന്‍ തുടങ്ങി, മുഖത്താണേല്‍, ഈ അമേരിക്കയുടെ ഒരു കാര്യേ! എന്നൊരു ഭാവവും
കിട്ടിയ അവസരത്തില്‍ ഫോണ്‍ എടുത്തു അവളെ ഫോണും ചെയ്തു..
ഇടിവെട്ടിയവന്റെ കാലില്‍ പാമ്പുകടിച്ചിട്ടു ആശുപത്രീല്‍ പോയപ്പോ ഡോക്റ്റര്‍മാരുടെ പണിമുടക്ക് എന്ന് പറഞ്ഞപോലായി….
ഫോണ്‍ എടുത്തത് അങ്ങേരു.
“മ്മ്?? എന്തെ?”
“ഒന്നുല്ല, അനശ്വര,”
“അവള്‍ അടുക്കളേല് ആണ്. ഫോണ്‍ വെക്ക്.”
5മിനിട്ട് കഴിഞ്ഞ് കയ്യില്‍ ഒരു മുണ്ടും തോര്‍ത്തും എടുത്ത്‌ ആള് പിന്നേം വന്നു, കുളിക്കണോ? എന്ന് ചോദിച്ചു,
നേരം വെളുപ്പിക്കേണ്ടത് എന്റെ ആവശ്യമായതിനാല്‍ കുളിക്കാന്‍ പോയി…
വെറും ഒരു മിനിട്ടുകൊണ്ട് കുളിക്കാറൊക്കെയുള്ള ഞാന്‍ അന്ന്
ഷവര്‍ന്‍റെ ചോട്ടില്‍ നിന്ന് മുകളിലേക്ക്നോക്കി മുഖത്തേക്ക് പതിക്കുന്ന ഓരോ വെള്ളത്തുളികളെയും നോക്കി വീണ്ടും ഓരോന്ന് ആലോചിക്കാന്‍ തുടങ്ങി..
പുറത്ത്‌ ഗുണ്ടകളില്ല,
പഴയ ജോസ്‌ പ്രകാശ്‌ സിനിമെലെപ്പോലെ ചുമരിലോന്നും തോക്കും വാളും പരിചെം ഒന്നുമില്ല.
കൊല്ലുവോ??
ഏയ്‌.. ഇല്ലാന്നെ..
എന്‍റെ അമ്മ.. എന്‍റെ നാട്.. എന്നെ കൂട്ടുകാര്‍.. എന്‍റെ കഴിഞ്ഞാഴ്ച വാങ്ങിയ ചുവന്ന ജട്ടി……
ഇല്ല, ഇതൊക്കെ വിട്ടു എനിക്ക് പോകാന്‍ കഴിയുമോ….
കുളിയും കഴിഞ്ഞു ചെല്ലുമ്പോ അങ്ങേരു ഉണ്ട് എന്‍റെ മോവീലും പിടിച്ച് ഇരിക്കുന്നു…
ഞാന്‍ ഒപ്പോസിറ്റ്‌ ചെന്നിരുന്നു, അവളെ കാണുന്നില്ല.
അയാള്‍ കൊരങ്ങനു പോതിക്കാത്ത തെങ്ങ കിട്ടിയപോലെ അതിങ്ങനെ നോക്കിയിരിക്കുന്നു…
ആകെ മൌനം തളം കെട്ടി നില്‍ക്കുന്നു, തളം കെട്ടിനില്‍ക്കുന്ന മൌനത്തില്‍ കല്ലെറിഞ്ഞ് ഒച്ചയുണ്ടാക്കാതെ ഞാനും ഇരുന്നു….
“ഈ മോബിലിനു എന്ത് വിലയുണ്ടാകും??”
“അത് കസിന്‍ വാങ്ങിത്തന്നതാ, ഒരു പത്തായിരം ഉണ്ടാകും.”
“ഇന്റര്‍നെറ്റ്‌ ഒക്കെയുണ്ടാകും അല്ലെ?”
“മ്മ്,, ഇണ്ട്”
“അതിനും വേണ്ടേ ക്യാഷ്‌?”
“വേണം, മാസം ഒരു 100രൂപയാകും.”
“ശരി ഇന്നാ, ആ പീച്ചാത്തിപോലെ കൂര്‍ത്ത മുനയുള്ള ഷൂ മോന്‍റെയല്ലേ?
അതെടുത്ത് വരാന്തയിലോട്ടു വച്ചോ,
എന്‍റെ കണ്ണു തെറ്റിയാല്‍ ഇവിടെ ഉള്ളത് എന്തും ചില പട്ടികള്‍ കടിച്ച്ചുകൊണ്ടോവും.”

അത് എന്നെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലായെങ്ങിലും, ഒന്നും അറിയാത്തപോലെ എവ്ടുത്തു വച്ചിട്ട് വന്നിരുന്നു,
“സ്വന്താമായി വല്ലതും ഉണ്ടാക്കാറായിട്ടു പോരെ ഈ ഇന്റര്‍നെറ്റും മബിലും ഒക്കെ? അല്ല.. ഞാന്‍ പറഞ്ഞെന്നെ ഉള്ളു….”
(മൌനം.)

“എടി.. അനശ്വരെ…..”
ആകെ വാടിത്തളര്‍ന്നു കോലംകെട്ട് അവള്‍ അടുക്കള വാതിലിന്റെ അവിടെ വന്നു “കഴിക്കാറായോ?…?”
“എടുത്തു വെക്ക് ഞങ്ങള്‍ ഇപ്പൊ വരാം”
പിന്നെ എന്നോട്..
“മോനോന്നു വന്നെ.. ഒന്ന് മുറ്റത്ത് പോയി നിക്കാം..”
കഴിഞ്ഞു മോനെ.!!
അവസാന നിമിഷങ്ങള്‍ എണ്ണാന്‍ വിരല് റെഡിയാക്കി ഞാന്‍ കൂടെ ചെന്നു…..
പക്ഷെ പ്രതേക്ഷിചതു അല്ല ഉണ്ടായത്‌.
“നിനക്ക് അറിയാമല്ലോ, അവളുടെ അമ്മ മരിച്ചതില്‍പ്പിന്നെ,
എനിക്ക് ആകെ ഉള്ളത് അവളാണ്, ആ അവളിപ്പോ എന്നെക്കാളെറെ നിന്നെപ്പറ്റിയാണ്
സംസാരിക്കുന്നത്, നിന്നെ കാണാതെ ബക്ഷണം കഴിക്കില്ല എന്നും പറഞ്ഞു ഒരാളിവിടെ രണ്ടു ദിവസമായി വ്രതത്തിലാണ്,
ഒരു കാര്യം പറയാം…
നിങ്ങള്‍ക്കൊക്കെ ഈ ലോകത്തില്‍ വേറെ പലരും ഉണ്ടാകും.
എനിക്ക് ആകെ ഉള്ളത് ഇവളാണ്. അതുകൊണ്ട് അവളെ വിഷമിപ്പിക്കാന്‍ കഴിയുന്നില്ല.
ഇവിടുത്തെ ബക്ഷണം ഒന്നും ഇഷ്ട്ടാവോ എന്ന് അറിയില്ല, എന്നാലും മോന്‍ ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യണം.
നീ ഇപ്പൊ കഴിചില്ലെങ്ങില്‍ അവള് കഴിക്കില്ല.
എന്‍റെ മകള്‍ കരഞ്ഞാല്‍ അത് എന്‍റെ കഴിവില്ലായ്മ്മ മാത്രമാണ് അതാ ഞാന്‍ നിന്നെ വിളിച്ചത്.
നീ വരുമെന്ന് ഞാന്‍ കരുതിയില്ല, ടാപ്പ്‌ അവിടെയാണ്, കൈ കഴുകീട്ടു വാ….
പിന്നെ….. ഇതൊന്നും അവളോട്‌ പറയേണ്ട. ”
കഴിക്കാന്‍ പോയി ഇരുന്നു.
മനസ്സില്‍ കുറ്റബോധം നിറഞ്ഞുകവിഞ്ഞു അതൊരു നീര്ചാലായി ഏതു നിമിഷവും പെയ്യാന്‍ നില്‍ക്കുന്ന കാര്മേഘത്തെപ്പോലെ കണ്‍കോണില്‍ നിരഞ്ഞു നിന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍, മകളെ മാത്രം നോക്കുന്ന ഒരു അച്ഛനെ കണ്ടു, എന്നെ മാത്രം നോക്കുന്ന ആ മകളെ കണ്ടു.
എന്‍റെ മനസ്സില്‍ അപ്പോള്‍ പ്രണയമോഴിഞ്ഞുപോയിരുന്നു.
ഞാനുണ്ടായിരുന്നില്ല അവിടെ, അവളുണ്ടായിരുന്നില്ല.
എന്‍റെ മനസ്സ് നിറയെ അങ്ങേരായിരുന്നു. ഇങ്ങേനെ ഒരു അച്ഛനെ കിട്ടാന്‍ നൂറുകോടി പുണ്യം ചെയ്യണം പോത്തേ എന്നും പറഞ്ഞു ഇറങ്ങിപ്പോരാന്‍ തോന്നി…
പിന്നെയും ഒരുപാട് സംസാരിച്ചു, ഓരോ വാക്കിലും ഞാന്‍ ഒരുപാട് ചെരുതായിപ്പോകുന്നതായി മനസ്സിലായി, എങ്ങേനെയെങ്ങിലും ഓടി രക്ഷപ്പെട്ടാല് മതി എന്നായി.
അവസാനം ഉറങ്ങാന്‍ പോകുമ്പോ ഫോണ്‍ രണ്ടാള്‍ക്കും തിരിച്ചുതന്നിട്ടു പറഞ്ഞു, നിങ്ങളിപ്പോ പഠിക്കാന്‍ വിട്ട സമയത്ത്‌ പടിക്ക്, മറ്റുള്ളവര്‍ക്ക് തലവെടനയുണ്ടാക്കാതെ ഇരിക്ക്, ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ മുതിര്‍ന്നവര് നോക്കും. പോയി ഉറങ്ങിക്കോ…
ഒരു പന്തീരായിരം പ്രാവശ്യം തിരിഞ്ഞും മറിഞ്ഞും തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു……
അങ്ങനെ അധികം സീന്‍ ബോറാക്കാതെ അവിടുന്ന് ഇറങ്ങി.
******
ബുക്ക്‌ എടുക്കാന്‍ ഹോസ്റ്റലില്‍ പോയ ഞാന്‍ തിരിച്ചു വീട്ടില്‍ രാവിലെ ഒരു 10മണിക്ക് എത്തി..
വരാന്തയില്‍ ഇരിക്കുന്ന അമ്മേം അച്ഛനും ഒരുമാതിരി നോട്ടം നോക്കുന്നു.. ചമ്മല് മറക്കാനായി പറഞ്ഞു
“അമ്മെ വെശക്കുന്നു…. എന്തേലും തിന്നാന്‍ താ..”
“നീ എത്തിയോ എന്ന് ചോദിച്ച് ഒരു രാഘവന്‍ നമ്പ്യാരും, അനശ്വരയും വിളിച്ചിരുന്നു!”

പരസ്സിനിക്കടവ്‌ മുത്തപ്പാ!! ഇവരും അറിഞ്ഞോ!! എല്ലാം പൊളിഞ്ഞു!!
വേറെ ഒരു വഴീം ഇല്ലാത്തോണ്ട് പിന്നേം പറഞ്ഞു.
“അമ്മെ… ഇവിടെ എന്തേലും ഇരിപ്പുണ്ടോ?”
അച്ഛന്‍ എന്തോ അമ്മയോട് പറയുന്നുണ്ടാരുന്നു…. ചെവി കൂര്‍പ്പിച്ചു!
“ഓന്‍ ആടന്ന്‍ ഒന്നും കൈച്ചിട്ടില്ലേ?”
“ബിളിച്ചെരം കൈച്ചിനീന്നാ പറഞ്ഞെ…. ഇത് ചമ്മല്സ് ആണ്.”
അന്ന് മനസ്സില്‍ പൊട്ടിയ ലഡ്ഡു ഒക്കെ കൂട്ടി വച്ച്ചിരുന്നെങ്ങില്‍ ഒരു കട തുടങ്ങാരുന്നു….
വൈകുന്നേരം പിന്നേം തോട്ടില്‍ കുളിക്കാന്‍ ചെന്ന എന്നെക്കണ്ട് ഫ്രെണ്ട്സ് കണ്ണുപിന്നേം പിന്നേം തിരുമ്മി നോക്കി
നുള്ളി നോക്കി…. എന്‍റെ അനുസ്മരണ സമ്മേളനത്തിനു കുപ്പി വാങ്ങാന്‍ പൈസ തികയാത്തതിനാല്‍ ഞാനും കൂടെ പൈസ കൊടുക്കേണ്ട അവസ്ഥയായി….
എല്ലാം കഴിഞ്ഞപ്പോ സംഭവിച്ചത് കേള്‍ക്കാന്‍ പ്രെക്ഷകരു റെഡിയായി..
ഞാന്‍ പറയാന്‍ തുടങ്ങി…

അവിടെ ബസ്സിറങ്ങിയപ്പോ 5ഗുണ്ടകള്‍ ദിങ്ങനെ നിക്കുവാണ്……….

Standard
Uncategorized

ഈ എഴുതുന്നത്‌ ഒരു സിനിമാ റിവ്യു ആയിട്ട് കണക്കാക്കണം എന്നൊന്നും ഇല്ല….
ബെര്‍ലിയുടെയും അബൂബക്കറിന്റെയും നാലഞ്ചു റിവ്യൂ വായിച്ച അനുഭവ സമ്പത്ത് മാത്രമേയുള്ളൂ.
പ്രിത്വീരാജിനെ ഇത്രമാത്രം കളിയാക്കുന്നതിന്റെ കാരണം മനസ്സിലാവാതെ,
കാരണം വല്ലതും ഉണ്ടോ എന്ന് അറിയാനുള്ള അതിയായ ആഗ്രഹവും,
രഞ്ജിത്തില്‍ ഉള്ള വിശ്വാസവും കൊണ്ട് മാത്രമാണ് ആദ്യ ദിവസം തന്നെ സിനിമ കാണാന്‍ പോയത്‌.
ഒരു കാര്യം കൂടെ പറഞ്ജോളട്ടെ രഞ്ജിത്ത് ചെയ്യുന്നതെന്തും ക്ലാസ്സിക്ക്‌ ആണെന്ന വിശ്വാസം എന്തോ ഈ കാഴ്ച്ച്ചക്കാരന് ഇല്ല, എന്തോ ആറാം തമ്പുരാനും,രാവനപ്രഭുവും ഒക്കെ പകര്‍ന്നുതന്ന സൂപ്പര്സ്ടാരിസവും,
നന്ദനത്തിലെയും പ്രാനജ്യെട്ടനിലെയും അതിമാനുഷികതയുള്ള കഥാപാത്രങ്ങളെ കണ്ടു പരിചയം
ഇല്ലാത്തതിന്നാലാകും അങ്ങനെ തോന്നുന്നത്….

പറഞ്ഞുവന്നത് “ഇന്ത്യന്‍ റുപ്പീ” കണ്ടു….
ആദ്യദിവസം വല്യതിരക്ക് പ്രതിക്ഷിച്ച് ചെന്നെങ്ങിലും അധികം ആളെ തീയെട്ടരിലെക്ക്
ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു…..
തേജാ ഭായി കണ്ട എനിക്കും വല്യ താല്‍പ്പര്യം ഉണ്ടായിരുന്നില്ല..
അവിടെയും ആള്‍ക്കാരൊക്കെ ‘രഞ്ജിത്ത് എഫ്ക്റ്റ്‌’ പ്രതിക്ഷിച്ച് എത്തിയവരായിരുന്നു…

മോശം പറയരുതല്ലോ. റിമ കല്ലിങ്ങല്‍ അവതരിപ്പിച്ച നായികാ കഥാപാത്രം (ബീന) ആരെക്കൊണ്ടും
മോശം പരയിക്കാത്ത രീതിയില്‍ അവര് കൈകാര്യം ചെയ്തു.
പ്രിത്വീരാജ്‌ അവതരിപ്പിച്ച ജയപ്രകാശ്‌ അഥവാ J.P അങ്ങേരുടെ കയ്യിലോതുങ്ങുന്ന ഒരു കഥാപാത്രം തന്നെയാണ്,
തിലകന്‍ (അച്ചുതമേനോന്‍) പറയാതിരിക്കാന്‍ വയ്യ,
തന്റെ കാലം കഴിഞ്ഞിട്ടില്ല എന്നും ഇനിയും ഒരുപാട്
അഭിനയിപ്പിച്ചു ഫലിപ്പിക്കാനുണ്ടെന്നും തിലകന്‍ പറയാതെ പറയുന്നുണ്ടാരുന്നു.
തിലകന്‍ ഉള്ള സീനില്‍ പ്രിത്വീരാജ്‌ ഒരുപ്പാട് ചെറുതായിപ്പോയി,
അനാവശ്യമായി ഒരൊറ്റ കഥാപാത്രത്തെപ്പോലും ഉപയോഗിച്ച് സംവിധായകന്‍ ആരെയും മുഷിപ്പിച്ച്ചിട്ടില്ല,
അതിപ്പോ സിനിമയില്‍ മുഴുനീളെ ഉള്ള പ്രിത്വി ആയാലും ഒരൊറ്റ സീനില്‍ ഉള്ള ആസിഫ്‌ അലി ആയാലും.

ആദ്യ ദിവസം സിനിമ കണ്ടതല്ലേ കൊറച്ച് ഫാന്‍ സപ്പോര്ട്ടിനെ പറ്റി പറയാം….
അണിയറ പ്രവര്‍ത്തകരുടെ പെരെഴുതിക്കാണിക്കുമ്പോള്‍ ‘PRITHVIRAJ SUKUMARAN’
എന്ന്‍ നിര്‍മ്മാതാക്കളുടെ കൂടെ കണ്ടപ്പോ
ആരും ഒരു കൂവാലോ കയ്യടിയോ ഉണ്ടാക്കിയിട്ടില്ല
(ഒറിജിനല്‍ പേര് എല്ലാരും മറന്നുപോയതാകും, മുഖം കാണിക്കുമ്പോ ആരവം കേള്‍ക്കും എന്ന് പ്രതീക്ഷിച്ചു)
തൊട്ടു പിന്നാലെ രഞ്ജിത്തിന്റെ പേര് പറഞ്ഞപ്പോഴോ ഒടുക്കത്തെ കയ്യടി (ഞാനും)
ശേഷം സിനിമ തോടങ്ങിയപ്പോ പ്രിത്വിയുടെ മുഖം കാണിച്ചപ്പോ വല്യ വത്യാസം ഉണ്ടായില്ല,
കുറച്ച് കൂവല്‍ മാത്രം “ആരാടാ കൂവുന്നെ” എന്ന് ചോദിച്ച ഫാനിനോടു “ഞാനാടാ” എന്ന് മിനിമം ഒരു

പത്തുപേര് പറഞ്ഞുകാണും (പിന്നെ അവന്‍ സിനിമ കണ്ടോ ആവോ)

ഇനി സിനിമയെപ്പറ്റി, ഒരുപാട് കാര്യങ്ങള്‍ പറയുന്നില്ല, പോയി കണ്ടോളു…
അഞ്ചു മിനിട്ടില്‍ രണ്ടു സ്ടണ്ടും ഓരോ പതിനഞ്ചു മിനിട്ടിലും ട്വിസ്റ്റും വേണം എന്ന്
വിചാരിച്ചു പോകേണ്ട, ഒരു സാധാരണ സിനിമ, സിമ്പിള്‍, ഒരു വര്‍ഷത്തെ കഥ,
എങ്ങനെയെങ്കിലും പണക്കാരനാവാനം എന്നാ വിചാരാനുള്ള ഒരു
നാട്ടിന്‍പുറത്തുകാരന്‍ ആണ് JP, വെറും ഒന്‍പതാം ക്ലാസ്‌ വിദ്യാഭ്യാസം.
കാമുകി ബീന MBBS (2008 PASSOUT BATCH) . റിയല്‍ എസ്റെട്റ്റ്‌ ബിസിനസ്സിലെ

ഏറ്റവും താഴെക്കിടക്കാരന്‍ ആയ JP യുടെ യാത്രകള്‍ ആണ് ഈ സിനിമ, എനിക്ക് വന്ന ചില സംശയങ്ങള്‍ മാത്രം താഴെപ്പറയുന്നു (സിനിമയിലെ കുറച്ച് ഭാഗങ്ങള്‍ ആണ്,

കാണാത്തവരെ വായിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല)
1) JP പറയുന്ന ഒരു ഡയലോഗ് ഉണ്ട് “കുഴിയില്‍ വീണവനെ രക്ഷപ്പെടുത്തിയില്ലേലും കുഴിയിലേക്ക്‌ മണ്ണ് വാരി ഇടല്ലേ” കാര്യം ഇതാണ് ഇത് കഴിഞ്ഞു നടന്‍

സ്ക്രീനിലേക്ക് ഒന്ന് നോക്കുന്നുണ്ട്, ഏതെങ്കിലും തീയേറ്ററില്‍ ഇരുന്ന് തനിക്കിട്ട് അടുത്ത പാര പണിയുന്ന പ്രെക്ഷകനെ പരതുന്നുണ്ടായിരുന്നോ ആ കണ്ണുകള്‍
2) നായകന്‍ പത്താം ക്ലാസ്സില്‍ തോറ്റതാണ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരച്ചരിത്രത്തെ കുറിച്ചു വാതോരാതെ പറയുന്നത് കേട്ടപ്പോ എനിക്ക് തോന്നി സാഹൂഹ്യ

ശാസ്ത്രം എങ്ങിലും പാസ്സായിക്കാനും എന്ന്, നായികയോട് ലക്ഷന്ഗലുടെ കണക്ക്‌ ഞൊടിയിടയില്‍ കൂട്ടിപ്പ്രഞ്ഞപ്പോ തോന്നി കണക്കിലും ആകില്ല എന്ന്…. ആ എന്തായാലും

ഇന്ഗ്ലീഷില്‍ എങ്ങിലും തോറ്റിട്ടുണ്ടാകും ഷോപ്പിംഗ്‌ ‘മാള്‍’ ന്‍റെ സ്പെല്ലിംഗ് male എന്ന് പറയുന്നുണ്ട്
3) നായിക പ്രീഡിഗ്രീ ആണ് പഠിച്ചതെന്ന് പറയുന്നു, കൂടാതെ നായിക 2008MBBS പാസ്സായി എന്നും പറയുന്നുണ്ട്, പ്രീഡിഗ്രീ 1997 ല്‍ നിര്‍ത്തിയതല്ലേ??

ഇതെന്താ ഒരു ചെര്ച്ച്ചയില്ലായ്മ്മ?? (തെറ്റിപ്പോയതാണേല്‍ ക്ഷമി)

4)നായകന്‍ ഉണ്ടാക്കിയെടുത്ത കള്ളനോട്ട് എന്ന് സംശയിക്കുന്നവ പോലീസ്‌ പിടിച്ചപ്പോ അതില്‍ പകുതി ഗള്‍ഫില്‍ നിന്ന വന്ന ഫ്രെണ്ട് തന്നതാണ് എന്ന് നായകന്‍

പറയുന്നു, പാവം കേരളപ്പോലീസ് അയാളെപ്പറ്റി എന്തോ അന്വേഷിക്കുന്നില്ല, 1000രൂപയുടെ കള്ളനോട്ടുമായി പിടിക്കപ്പെട്ട സുഗുണന്‍ എന്നാ നായകന്‍റെ സുഹൃത്ത്

നായകനെ പോലീസിനു ചൂണ്ടിക്കാനിചെങ്ങിലും എന്തുകൊണ്ടോ ആ പണം (1CR) മുഴുവന്‍ ഒരു സാധാരണ ചാക്കില്‍ ആണ് ഉണ്ടാരുന്നത് എന്ന് പറഞ്ഞില്ല (മറന്നതാകും)

ഇനിയും കുറെ പ്രോബ്ലം തോന്നീട്ടുണ്ട്… അതെല്ലാം പറഞ്ഞാല്‍ സിനിമ മൊത്തം ഇവിടെ വെലംബി എന്ന് പറഞ്ഞുസൈബര്‍സെല്‍ എന്നെ കൊണ്ടോവും. ഇതൊക്കെ

ആണേലും പടം കാണാന്‍ കൊള്ളാട്ട…. ആരും മടുപ്പിച്ച്ചിട്ടില്ല….. പറ്റിയാല്‍ torrentz ന് കാത്തു നില്‍ക്കാതെ തീയേറ്ററില്‍ പോയിക്കാണുക

rating 7.568493/10

ഇന്ത്യന്‍ റുപ്പീ – കൂതറ റിവ്യൂ

Quote